മെയ് 28നു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദര്‍ശനത്തിലും തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുള്‍പ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ശ്രീ നാരായണ ധര്‍മ്മ സംഘം. സ്വാസ്റ്റന്‍ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകള്‍ക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകള്‍ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകള്‍ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.
കേംബ്രിഡ്ജ് ആഡന്‍ബ്രൂക്ക്‌സ് ആശുപത്രിയില്‍ നഴ്സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവര്‍ത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങില്‍ അനുസ്മരിച്ചു സംസാരിച്ചു. പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്‍പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തില്‍ എല്ലാവരും എടുത്തുപറഞ്ഞു.
ജൂണ്‍ 10 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദര്‍ശനത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണല്‍ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകള്‍ നിയന്ത്രിച്ചു. ശ്രീനാരായണ ധര്‍മ്മ സംഘം ചടങ്ങില്‍ യുകെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചു.
പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജന്‍ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവര്‍ത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേര്‍പാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണ് എന്ന് പറഞ്ഞു.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാന്‍ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. റെവ. ഫാദര്‍ John Mihn പ്രാര്‍ത്ഥനകള്‍ക്കും അന്ത്യോപചാര പ്രാര്‍ത്ഥനകള്‍ ചൊല്ലി. തുടര്‍ന്ന് ശ്രീ നാരായണ ധര്‍മ്മ സംഘം പ്രവര്‍ത്തകര്‍ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാല്‍സലാം വിളിച്ചാണ് പ്രിയ സഖാക്കള്‍ അന്തിമ വിട നല്‍കിയത്.
തുടര്‍ന്ന് നടന്ന അനുസ്മരണയോഗത്തില്‍ കൈരളിയുടെ കേംബ്രിഡ്ജ് യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പന്‍ സ്വാഗതം ആശംസിച്ചു. ആഡന്‍ബ്രൂക്ക്‌സ് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സംസാരിച്ച ലിസ ഡണ്‍ലപ്, ദീപ ചെറിയാന്‍ എന്നിവര്‍ പ്രതിഭയുടെ ജോലിയിലെ ആത്മാര്‍ത്ഥതയും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.
തുടര്‍ന്ന് സ്വാസ്റ്റന്‍ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ്, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം, കൈരളി യുകെ നാഷണല്‍ കമ്മിറ്റിയില്‍ പ്രതിഭയോടൊപ്പം പ്രവര്‍ത്തിച്ച എല്‍ദോ പോള്‍, ലിനു വര്‍ഗ്ഗീസ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (IWA) ജ. സെക്രട്ടറി ലിയോസ് പോള്‍, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധി റോബിന്‍ കുര്യാക്കോസ്, കുമരകം കൂട്ടായ്മ പ്രതിനിധി ജോമോന്‍ കുമരകം, പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്ജ് ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെയില്‍ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തില്‍ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.
പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും, ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവര്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു. പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സല്‍പ്രവര്‍ത്തികള്‍ കൂടുതല്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവര്‍ത്തിച്ചവര്‍ ഉറപ്പുനല്‍കി.
പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയില്‍ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്നു.