ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് തന്റെ 34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് മരണമടഞ്ഞു. 317 കിലോ ഭാരമുണ്ടായിരുന്ന ജെയ്സണ്‍ ഹോള്‍ട്ടന്റെ മരണവിവരം അദ്ദേഹത്തിന്റെ അമ്മയാണ് പുറത്തു വിട്ടത്. ജെയ്സന്റെ ആന്തരികാവയവങ്ങള്‍ തകരാറിലാകുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ പ്രത്യേക ആംബുലന്‍സില്‍ കയറ്റി റോയല്‍ സറേ കൗണ്ടി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ അമ്മ 55 കാരിയായ ലെയ്സ, പറഞ്ഞു: 'ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അവന് ജീവന് ഉണ്ടായിരിക്കാം, ഡോക്ടര്‍മാര്‍ക്ക് അവനെ വീണ്ടും രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി, പക്ഷേ സങ്കടകരമെന്നു പറയട്ടെ അത് സാധ്യമായില്ല.
''അവനെ കിഡ്നി ഡയാലിസിസിനും ഐവി ഡ്രിപ്പിനും വിധേയനാക്കിയെങ്കിലും വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവയവങ്ങള്‍ തകരാറിലായതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മരിക്കുമെന്ന് ഡോക്ടര്‍ ജേസണോട് പറഞ്ഞു. ജെയ്സണ്‍ താമസിയാതെ മരണത്തിലേയ്ക്ക് വഴുതി വീഴാന്‍ തുടങ്ങി.'
അവയവങ്ങളുടെ തകര്‍ച്ചയും അമിതവണ്ണവും മൂലമാണ് മരണം സംഭവിച്ചതെന്നാണ് കൊറോണറുടെ റിപ്പോര്‍ട്ട്.
65-ാം വയസ്സില്‍ കാള്‍ തോംസണ്‍ എന്നയാള്‍ 2015-ല്‍ മരിച്ചതിന് ശേഷമാണ് ജേസണ്‍ യുകെയിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി മാറിയത്.
കൗമാരപ്രായത്തില്‍ തന്റെ പിതാവിന്റെ മരണത്തില്‍ ദുഃഖിതനായാണ് അദ്ദേഹം അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. 2020-ല്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ പണിമുടക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഫ്ലാറ്റില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയത്.