18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ >>> ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും >>> റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>>
Home >> ASSOCIATION

ASSOCIATION

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറിന് നവനേതൃത്വം, വിദ്യാ സജീഷ് പ്രസിഡന്റ്, ബിനോയ് ജോസഫ് സെക്രട്ടറി, 2024-25 ലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 18 അംഗ കമ്മിറ്റി

സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഫെബ്രുവരി 25 ന് സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ലൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്‌ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്‌സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്, കരോള്‍ ചിന്‍സ് ബ്‌ളെസണ്‍, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവര്‍ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവര്‍ത്തിക്കും. നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തി വരുന്നത്. സ്‌കന്‍തോര്‍പ്പ്, ഗൂള്‍ ഹോസ്പിറ്റലുകളിലേയ്ക്ക് നോര്‍ക്ക വഴി എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ അസോസിയേഷന്‍ രംഗത്തുണ്ട്. നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇതിനായുള്ള കോര്‍ഡിനേഷന് അസോസിയേഷന്‍ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്‍കുന്നു. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷന്‍ നടത്തി വരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികള്‍ക്കൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നോര്‍ത്ത് ലിങ്കണ്‍ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷന്റെ അംഗങ്ങള്‍ക്കായി യോഗ, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ബോളിവുഡ് ഡാന്‍സ് ക്ലാസ്, എഡ്യൂക്കേഷന്‍ സെമിനാര്‍ എന്നിവ കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ നടത്തിയിരുന്നു. ഹള്‍, ഗെയിന്‍സ്ബറോ, ഗൂള്‍, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാര്‍ഡ് നൈറ്റും നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. അസോസിയേഷന്റെ ഈസ്റ്റര്‍/ വിഷു/ഈദ് ആഘോഷം ഏപ്രില്‍ 13 ന് നടക്കും. മെയ് 11 ന് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷവും അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.  

ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പൊതുജന ബോധവത്കരണത്തിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് സെമിനാര്‍ ഈ മാസം 17ന്

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പൊതുജന ബോധവത്കരണത്തിനായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ഡോ. ജിമ്മി മൊയലന്‍ ലോനപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഈ മാസം 17 ന്. ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്നു. വിഷയങ്ങളും പ്രഭാഷകരും ഇവയാണ്: 1. പ്രമേഹം: നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍, പ്രൊഫ. ഡോ. ഗോഡ്വിന്‍ സൈമണ്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറും കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ലണ്ടന്‍,  2. സൈക്കോളജിക്കല്‍ സ്‌ട്രെസ്, ഡോ ഷറഫുദ്ധീന്‍ കടമ്പോട്ട്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികള്‍ക്കുള്ള യുകെ നഴ്സ് ജോലികള്‍, ജിനോയ് മദന്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ് നഴ്സ് ക്ലിനിഷ്യന്‍, റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. സൂം മീറ്റിംഗ് ലിങ്ക്   https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09മീറ്റിംഗ് ഐഡി 83164185202 പാസ്‌വേഡ് 643830  വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക.

വാട്ട്‌ഫോര്‍ഡ് ഒഐസിസി യുണിറ്റ് മെംബര്‍ഷിപ്പ് വിതരണവും, സിദ്ധാര്‍ത്ഥ് വധത്തില്‍ അപലപനവും നടത്തി, യുണിറ്റ് പ്രസിഡന്റ് സണ്ണിമോന്‍ പി മത്തായി യോഗത്തില്‍ അദ്ധൃഷത വഹിച്ചു സംസാരിച്ചു

വാട്ട്‌ഫോര്‍ഡ് : ഒഐസിസി വാട്ട്‌ഫോര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ഫെമിന്‍ സിഎഫ്, ജോസ്ലിന്‍ സിബിക്ക് ആദ്യ മെംബര്‍ഷിപ് നല്‍കിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.  യുണിറ്റ് പ്രസിഡന്റ് സണ്ണിമോന്‍ പി മത്തായി യോഗത്തില്‍ അദ്ധൃഷത വഹിച്ചു സംസാരിച്ചു. OICC നാഷണല്‍ വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡന്റ് സുജൂ കെ ഡാനിയേല്‍ മുഖ്യ സന്ദേശം നല്‍കിക്കൊണ്ട് 'കോണ്‍ഗ്രസ്സ് അനുഭാവികളെ ചേര്‍ത്തുകൊണ്ട് പ്രാദേശിക തലങ്ങളില്‍ സാംസ്‌കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കുവാനും, അണികളെ കോര്‍ത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും' പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നില്‍ക്കണ്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും, രാജ്യത്തിനു ഭാവി ശോഭനമാക്കുവാന്‍ ഇത് അനിവാര്യമാണെന്നും മനസ്സിലാക്കി ഒഐസിസി തങ്ങളുടേതായ നിര്‍ണ്ണായക പ്രവര്‍ത്തനവും ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി നേതാവ് സുരജ് കൃഷ്ണന്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ അറുംകൊല വിഷയത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. സിദ്ധാര്‍ത്തിന്റെ മൃഗീയമായ നരഹത്യയില്‍ അപലപിച്ച യോഗം SFI യെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ആവശ്യപ്പെട്ടു ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്ഷന്‍ പ്രചാരണത്തില്‍, കെപിസിസിയുടെ പ്രവാസി സംഘടന എന്ന നിലയില്‍  ഒഐസിസിയുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോണ്‍ അഭിപ്രായപ്പെട്ടു. സിജന്‍ ജേക്കബ്, മാത്യു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു കാര്‍ഡിഫില്‍, യൂറോപ്പിലും യുകെയിലും നിന്നുള്ള 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു, പ്രവേശനം സൗജന്യം

കാര്‍ഡിഫ് : കാര്‍ഡിഫ് ഡ്രാഗണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന ഒന്നാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു ശനിയാഴ്ച കാര്‍ഡിഫില്‍ ഉള്ള സ്പോര്‍ട് വെയില്‍സ് സെന്റര്‍, സോഫിയ ഗാര്‍ഡന്‍സില്‍ നടത്തപ്പെടുന്നതാണ്. മത്സങ്ങള്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ റവ. ഫാദര്‍ പ്രജില്‍ പണ്ടാരപറമ്പില്‍ ഉദ്ഘാടനം ചെയ്യും.  യൂറോപ്പിലെയും യുകെയിലെയും നിന്നുള്ള 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. സമാപനസമ്മേളനത്തില്‍ ദി ലോര്‍ഡ് മേയര്‍ ഓഫ് കാര്‍ഡിഫ് ഡോ ബാബിലിന്‍ മോളിക് വിജയികള്‍ക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനര്‍ഹര്‍ക്ക് 750 പൗണ്ടും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 500 പൗണ്ടും, മൂന്നും നാലും സ്ഥാനക്കാര്‍ക്ക്  250, 100പൗണ്ടും യഥാക്രമം ലഭിക്കും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കാര്‍ഡിഫില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലണ്ട്, വിയന്ന, കംബ്രിഡ്ജ്,, ലിവര്‍പൂള്‍, ഷെഫീല്‍ഡ്, പ്രെസ്റ്റന്‍,  വാറ്റ്ഫോഡ്, പ്ലിമത്, കാര്‍ഡിഫ്, സ്വാന്‍സീ എന്നീ ടീമുകള്‍ അണിനിരക്കുന്നു. ടൂര്‍ണമെന്റിലേക്ക്  എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ വോളിബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ മാമങ്കത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോസ് കാവുങ്ങല്‍ : 07894114824ജിജോ ജോസ് : 07786603354    

യുകെ മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഗള്‍ഫ് നാടുകളിലും ശ്രദ്ധ നേടുന്നു; യുവ സംരംഭകരായ അജിത് മുതയിലിന്റേയും ആഷിര്‍ റഹ്‌മാന്റെയും വിജയ വഴി തെളിച്ചത് ആശ്രാന്ത കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും

ലണ്ടന്‍ : യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങള്‍ പകര്‍ന്നുകൊണ്ട് മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടുംമറ്റു രാജ്യങ്ങളിലും ശ്രദ്ധയും അംഗീകാരവും നേടുന്നു. യുവ സംരംഭകരായ അജിത് മുതയില്‍, ആഷിര്‍ റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവും അവര്‍ രൂപം നല്‍കിയ സ്മാര്‍ട്ട് 'W' ബ്ലോക്ക് എന്ന സാങ്കേതിക ഉല്‍പന്നവുമാണ് കഴിഞ്ഞ ദിവസം റിയാദില്‍ വെച്ച് നടന്ന ലോക പ്രശസ്തമായ 'LEAP 2024' എക്‌സ്‌പോയില്‍ അംഗീകരിക്കപ്പെട്ടത്. അവിടെ വെച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവെയ്ക്കാന്‍ സാധിച്ചത് അവര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമായി. ആഗോള തലത്തില്‍ തന്നെ ഒട്ടനവധി പാരസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാര്‍ബണ്‍ വികിരണങ്ങളുടെ തോത് വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഉല്‍പ്പാദനം, നിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ മര്‍മ പ്രധാന മേഖലകളില്‍ 'കാര്‍ബണ്‍ നെറ്റ് സീറോ' ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' രൂപം നല്‍കിയ നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ സാമൂഹത്തോടുള്ള കമ്പനയുടെ പ്രതിബദ്ധത വെളിവാക്കുന്നു. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാര്‍ബണ്‍ വികിരണങ്ങള്‍ പൂര്‍ണ്ണ തോതില്‍ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് 'കാര്‍ബണ്‍ നെറ്റ് സീറോ' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 2030 - ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും, 2050 - ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ വികിരണങ്ങള്‍ തുടച്ചുമാറ്റികൊണ്ട് 'കാര്‍ബണ്‍ നെറ്റ് സീറോ' ലക്ഷ്യത്തില്‍ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജന്‍സി എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സൗദി ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'LEAP 2024' എക്‌സ്‌പോയില്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും 1800-ല്‍ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചത്. ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് തങ്ങള്‍ അവതരിപ്പിച്ച സാങ്കേതിക ഉല്‍പ്പന്നം എക്‌സ്‌പോയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ, ഒമാനിലെ സുല്‍ത്താനേറ്റ് ആസ്ഥാനമായുള്ള 'ഡാറ്റ മൈനിംഗ്' എന്ന ബിസിനസ്സ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം 'നേവി ബ്ലൂ എനര്‍ജി'യുമായി 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' കരാറില്‍ ഏര്‍പ്പെടാന്‍ സാഹചര്യമൊരുങ്ങുകയായിരുന്നു.   ബിസിനസ് ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിന്‍ലദിന്‍ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖര്‍ 'NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങള്‍ ഒപ്പുവെയ്ക്കാന്‍ സാധിച്ചതും കമ്പനിക്ക് നേട്ടമായി. NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ വിപ്ലവകരമായ സ്മാര്‍ട്ട് 'W' ബ്ലോക്കുകള്‍, സൗദി അറേബ്യയുടെ നിര്‍മ്മാണ മേഖലയെ പുനര്‍നിര്‍വചിക്കുന്നതില്‍ ഒരു പ്രധാന വഴിത്തിരിവായാണ് എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടത്. 'NodeIN ഇന്‍സ്ട്രുമെന്റ്'സും 'ഡാറ്റാ മൈനിം'ഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീര്‍ റഹ്‌മാനും ഹമീദ് റാഷിദ് ഹമ്മദും ചേര്‍ന്ന് ആദ്യ ധാരണാപത്രവും, അബ്ദുള്‍റഹ്‌മാന്‍ ഖവാജിയും പ്രവീണ്‍ ജെ അവതാഡെയും ചേര്‍ന്ന് 'NodeIN ഇന്‍സ്ട്രുമെന്റ്'സും 'നേവി ബ്ലൂ എനര്‍ജി'യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു. ആഗോളത്തലത്തില്‍ മലയാളി സംരംഭകര്‍ക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിന് വന്‍ ജനാവലി സാക്ഷിയാകുകയും ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സൗദി ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സൗദി ഗവണ്‍മെന്റിന്റെ സംരംഭമായ 'CODE' (സെന്റര്‍ ഓഫ് ഡിജിറ്റല്‍ എന്റര്‍പ്രണര്‍ഷിപ്പ്)-ന്റെ ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി. ഒപ്പുവച്ച ധാരണാപത്രങ്ങള്‍ പ്രകാരം IoT, IIoT, ഊര്‍ജ്ജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ അതിപ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള 'NodeIN ഇന്‍സ്ട്രുമെന്റ്സിന്റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്. 'LEAP 2024' - ലെ 'NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ ഇരട്ട എംഒയു നേട്ടങ്ങള്‍ യുകെ ആസ്ഥാനമായുള്ള ഒരു സാങ്കേതിക പവര്‍ഹൗസിന്റെ അഭൂതപൂര്‍വമായ ശരവേഗ ഉയര്‍ച്ച എന്നതിലുപരി, ഈ മേഖലയിലെ ഒരു ആഗോള ശക്തി എന്ന നിലയിലും അവരുടെ പദവി അരക്കിട്ടുപ്പിക്കുന്നു. ലോകം പ്രതീക്ഷയോടെ വീക്ഷിക്കുന്ന ഡാറ്റാ മൈനിംഗ്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ മായാത്ത മുദ്ര പതിപ്പിക്കുവാനും, അതുവഴി ലോക ശ്രദ്ധ നേടുവാനും 'നോഡ്ഇന്‍ ഇന്‍സ്ട്രുമെന്റ്'സിനും അതിന്റെ ശില്പികളായ അജിത് മുതയിലിനും ആഷിര്‍ റഹ്‌മാനും സാധിച്ചു എന്ന് സുവ്യക്തം. വ്യത്യസ്ത കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ എത്തിയ അജിത് മുതയിലിനെയും ആഷിര്‍ റഹ്‌മാനേയും ഒന്നിപ്പിച്ചതും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകള്‍, ആശയങ്ങളും തുടങ്ങിയവ പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളില്‍ പ്രൊജക്റ്റുകള്‍ രൂപപ്പെടുത്തി ലോകത്തിന്റെ വിവിധ കോണുകളില്‍ അവതരിപ്പിക്കുവാനും ഇപ്പോള്‍ കൈവരിച്ച നേട്ടത്തില്‍ എത്തിച്ചതും രണ്ട് പേരുടെയും ആശ്രാന്ത കഠിനാദ്ധ്വാ നവും നിശ്ചയദാര്‍ഢ്യവും ഒന്ന് കൊണ്ട് മാത്രമാണ്. വീഴ്ചകളില്‍ തളരാതെ സധൈര്യം മുന്നോട്ട് പോകാന്‍ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് ഇരുവരുടെയും വിജയ മന്ത്രമെന്നും ഇവരോട് അടുപ്പമുള്ളവരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയില്‍ മദ്രാസ് യൂണിവേസിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിള്‍ ബിരുദവും ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ യും കരസ്തമാക്കിയുട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയാണ്. കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിര്‍ റഹ്‌മാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് സ്‌കോലാന്‍ഡില്‍ നിന്നും പ്രൊജക്റ്റ് മാനേജ്‌മെന്റില്‍ ബിരുദാനന്ത ബിരുദവും കരസ്തമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വര്‍ഷങ്ങളായി യുകെയില്‍ ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.

യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം ഈ മാസം 16ന്, ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ പങ്കെടുക്കുന്നു

ആഗോളതലത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് സാമൂഹത്തിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനു വേണ്ടി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (IFSW) എല്ലാ വര്‍ഷവും ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കാറുണ്ട്. സുപ്രധാനമായ ഒരു ആശയത്തെ മുന്‍ നിര്‍ത്തികൊണ്ട് മാര്‍ച്ച് മാസത്തിലാണ് ഈ ദിനം ആചരിക്കുന്നത്.  ആഗോള അജണ്ടയില്‍ വേരൂന്നിയ 'ബ്യൂണ്‍ വിവിര്‍: പരിവര്‍ത്തനാത്മക മാറ്റത്തിനായുള്ള പങ്കിട്ട ഭാവി' (Buen Vivir: Shared Future for Transformative Change) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സാമൂഹിക പ്രവര്‍ത്തകര്‍ തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായി യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ളതുമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ വിഷയത്തിലൂടെ ഊന്നിപ്പറയുന്നത്.  ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്ഫോറത്തിന്റെ കാര്യപരിപാടികള്‍ മാര്‍ച്ച് 16ന് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ ഈ വര്‍ഷത്തെ പ്രമേയത്തില്‍ വിഷയാവതരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വര്‍ഷത്തെ ആശയത്തിന്മേല്‍ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, യുകെയിലെ  ചില്‍ഡ്രന്‍ & ഫാമിലീസ് സോഷ്യല്‍വര്‍ക്ക് മേധാവിയായ Isabelle Trowler ആണ്. തുടര്‍ന്ന് Salil Shetty (മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ മേധാവി), Gavin Moorghen  (സോഷ്യല്‍ വര്‍ക്ക് ഇംഗ്ലണ്ട് മിഡ്‌ലാന്‍ഡ്‌സ് ആന്‍ഡ് നോര്‍ത്വെസ്റ്റ്‌ന്റെ പ്രതിനിധി), Dr George Palattiyil  (എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി) എന്നിവര്‍ സന്ദേശം നല്‍കും. ആഗോള അജണ്ടയില്‍ വേരൂന്നിയതും, തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായുള്ള യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും, സമൂഹം നേതൃത്വം നല്‍കുന്നതുമായ സമീപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ആശയം അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ടുവെക്കുന്നത്. അക്രമാസക്തമായ സംഘര്‍ഷങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച, ദാരിദ്ര്യം, രാഷ്ട്രീയ അസമത്വങ്ങള്‍ തുടങ്ങി ബഹുമുഖ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍, സാമൂഹിക പ്രവര്‍ത്തനം (social work) മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിച്ചെടുക്കുകയും തദ്ദേശീയമായ ജ്ഞാനത്തില്‍ സമൂഹത്തെ കൂട്ടിയിണക്കികൊണ്ടുള്ള സമീപനമാണ് മികച്ചത് എന്നുമാണ് UKMSW ഫോറവും വിലയിരുത്തുന്നത്.  2014-ല്‍ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു ഫോറം യു.കെയില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റിനാവശ്യമായ പരിശീലനങ്ങളും നടത്തിവരുന്നു. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ തൊഴില്‍ നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ റെജിസ്ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. ദേശീയതലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും, യുകെയിലെ ഔദ്യോഗിക സംഘടനകളുമായി സഹകരിച്ചുകൊണ്ട് മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യാനുള്ള നിരന്തരശ്രമവും നടത്തിവരുന്നു.  നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓണ്‍ലൈന്‍ (ZOOM) വഴിയാണ് നടത്തപ്പെടുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തെ ലോക സോഷ്യല്‍ വര്‍ക്ക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിനെയും സ്വാഗതം ചെയ്യുന്നു.  [Registration Link] https://forms.gle/qVcL9QFsoToJQMh37 തോമസ് ജോസഫ് - 07939492035 (Chair person) ഷീനാ ലുക്‌സണ്‍ - 07525259239 (Secretary) മാര്‍ട്ടിന്‍ ചാക്കു - 07825 447155 (Treasurer)

അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാന്‍ മലയാളികളും; അഭിമാനമായി ജെഫ് അനി ജോസപ്പും, സാമുവല്‍ ദീപക് പുലിക്കോട്ടിലും

ബാത്ത് : അണ്ടര്‍ 17 വിഭാഗത്തില്‍ സ്വീഡനില്‍ വെച്ച് നടത്തപ്പെടുന്ന യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാന്‍ സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യുറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക. യുകെയില്‍ വിവിധ ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയുവാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലീഷ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജെഫ്-സാമുവല്‍ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലില്‍ നേടിയ മിന്നും വിജയവും, തിളക്കമാര്‍ന്ന പ്രകടനവുമാണ് ഇവര്‍ക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ സിവില്‍ സെര്‍വന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാന്‍ചുവട്ടില്‍ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനില്‍ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണില്‍ തന്നെ മികച്ച കളിക്കാര്‍ ആണ്. കഴിഞ്ഞ വര്‍ഷം 'യുകെകെസിഎ' സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയാണ്. ലണ്ടനില്‍ എസ്സക്‌സില്‍ താമസിക്കുന്ന കുന്നംകുളത്തുകാരന്‍ ദീപക്-ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ മൂത്ത മകന്‍ ആണ് സാമുവേല്‍. ദി കൂപ്പേഴ്സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളില്‍, ഇയര്‍ 11  വിദ്യാര്‍ത്ഥിയായ സാമുവല്‍, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന വ്യക്തിത്വമാണ്. തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകള്‍ നല്‍കി വരുന്ന പുലിക്കോട്ടില്‍ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവല്‍ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യന്‍ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരന്‍ നിഖില്‍ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 13 നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ആയിരുന്നു. സ്ലൊവേനയില്‍ വെച്ച് നടന്ന യൂറോപ്പ്യന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിള്‍സില്‍ ഗോള്‍ഡ് മെഡലും, സിംഗ്ള്‍സില്‍ ബ്രോണ്‍സ് മെഡലും കരസ്ഥമാക്കിയിരുന്നു. സാമൂവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജര്‍ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു. ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടില്‍ ബാഡ്മിന്റണ്‍ ഗോദയില്‍, മലയാളി സാന്നിദ്ധ്യം അരുളാന്‍,  മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്. ബാഡ്മിന്റണില്‍ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവല്‍ ദീപകിന്റെയും വലിയ അഭിലാഷം.

യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച 'നിയമസദസ്സ്' മികവുറ്റതായി; പ്രത്യേകം ശ്രദ്ധേയമായത് സെമിനാറിലും ചോദ്യോത്തര വേളയിലും ദൃശ്യമായ വന്‍ ജനപങ്കാളിത്തം

ലണ്ടന്‍ : യുകെയില്‍ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴില്‍ സംബന്ധമായി യുകെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടും ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ 'നിയമസദസ്സ്' മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട്ഫെബ്രുവരി 25 - ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വന്‍ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി. നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍ - യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി 'നിയമസദസ്സി'ല്‍ മുഖ്യപ്രഭാഷണം നടത്തി. ഐഒസി - യു കെ വക്താവ് അജിത് മുതയില്‍ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഐഒസി സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്കും ഭാഗമായ മറ്റുള്ളവര്‍ക്കും സ്വാഗതം ആശംസിച്ചു. യു കെയില്‍ മെച്ചപ്പെട്ട പഠനം, തൊഴില്‍, ജീവിതം പ്രതീക്ഷിച്ചവര്‍ക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീര്‍ണ്ണതകളുടെ ചുരുളഴിക്കാന്‍ ഈ സെമിനാര്‍ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകള്‍ ഐഒസി തുടരുമെന്നും ഐഒസി യുകെ - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ വ്യക്തമാക്കി. ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. യുകെയില്‍ തൊഴില്‍ - വിദ്യാര്‍ത്ഥി വിസ നയങ്ങളില്‍ വന്ന മാറ്റങ്ങളും സങ്കീര്‍ണ്ണതകളും സെമിനാറില്‍ വളരെ സരളമായ രീതിയില്‍ വിശദീകരികരിച്ചത് ഏവര്‍ക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയ ചോദ്യോത്തര വേളയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂര്‍ണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ വിഷയത്തില്‍ കൂടുതലായി എന്തെങ്കിലും കാര്യങ്ങള്‍ അറിയേണ്ടവര്‍ക്കുമായി മുന്‍കൂട്ടി ചോദ്യങ്ങള്‍ ഉന്നയിക്കുവാനായി നല്‍കിയിരുന്ന ഹെല്‍പ് നമ്പറുകള്‍ മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറില്‍ നല്‍കി. സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയവര്‍ മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള നിവാരണം അവര്‍ക്ക് ഇ-മെയില്‍ മുഖേന നല്‍കുന്നതിള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു. ഐഒസി - കേരള ചാപ്റ്റര്‍ ഭാരവാഹികളായ അപ്പച്ചന്‍ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, സുരാജ് കൃഷ്ണന്‍, അഡ്വ. ബിബിന്‍ ബോബച്ചന്‍ തുടങ്ങിയവരാണ് നിയമസദസ്സ്' സെമിനാറിന്റെ സ്ട്രീംലൈന്‍, ഹെല്പ് ഡസ്‌ക്, ചോദ്യോത്തര  സെഷന്‍ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍, ശ്രോതാക്കള്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള നന്ദി ഐഒസി യു കെ - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍ അര്‍പ്പിച്ചു.

2024 -2025 വര്‍ഷത്തേക്കുള്ള നവ നേതൃത്വനിരയുമായി 'സര്‍ഗ്ഗം സ്റ്റീവനേജ്'; അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസിഡന്റ്, സജീവ് ദിവാകരന്‍ സെക്രട്ടറി, ജെയിംസ് മുണ്ടാട്ട് ട്രഷറര്‍

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' 2024 -2025 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സാമൂഹ്യ, സാംസ്‌കാരിക, കായിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും, മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന സംഘടന എന്ന നിലയില്‍, യുകെയില്‍ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് 'സര്‍ഗ്ഗം സ്റ്റീവനേജ്'. സര്‍ഗ്ഗം സ്റ്റീവനേജിന്റെ മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബര്‍മാരില്‍ നിന്നും അപ്പച്ചന്‍ കണ്ണഞ്ചിറയെ പ്രസിഡണ്ടായും, സജീവ് ദിവാകരനെ സെക്രട്ടറിയായും, ജെയിംസ് മുണ്ടാട്ടിനെ ഖജാന്‍ജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയില്‍ ജിന്‍ടോ മാവറ വൈസ് പ്രസിഡന്റും, പ്രവീണ്‍ സി തോട്ടത്തില്‍ ജോ. സെക്രട്ടറിയുമാണ്.   മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, നന്ദു കൃഷ്ണന്‍,ചിണ്ടു ആനന്ദന്‍, നീരജ പടിഞ്ഞാറയില്‍, വില്‍സി പ്രിന്‍സണ്‍, ഷഹ്നാ ചിണ്ടു എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.   മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്‌ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു. നിലവില്‍ ചെണ്ട ക്ളാസുകള്‍ വളരെ ഊര്‍ജ്ജസ്വലമായി നടക്കുന്നുണ്ട്.  ഏറെ ശ്രദ്ധേയവും വിജയപ്രദവുമായി മാറിയ 'സെവന്‍ ബീറ്റ്സ്' സംഗീത- നൃത്ത കലോത്സവത്തിന് ആതിഥേയത്വം അരുളി തുടക്കം കുറിച്ച പുതിയ കമ്മിറ്റി, ഏപ്രില്‍ 7 നു ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ഈസ്റ്റര്‍- വിഷു- ഈദ് സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. സ്റ്റീവനേജ് മേയര്‍ കൗണ്‍സിലര്‍ മൈലാ ആര്‍സിനോ ആഘോഷം ഉദ്ഘാടനം ചെയ്യും. സര്‍ഗ്ഗം സ്റ്റീവനേജില്‍  നിലവില്‍ അറുന്നൂറോളം മെംബര്‍മാര്‍ ഉണ്ട്.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണങ്ങള്‍ക്കു ശേഷം, രാഹുല്‍ ഗാന്ധി, ഐ ഒ സി നേതാക്കളെ കണ്ടു; ഭാരത് ജോഡോ ന്യായ് യാത്രയും, തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

ലണ്ടന്‍ : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാല സന്ദര്‍ശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനില്‍ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹിക്കു മടങ്ങിയ രാഹുല്‍ അവിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്ന് മാര്‍ച്ച് 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.   ലോകത്തിലെ തന്നെ പുരാതന സര്‍വകലാശാലകളില്‍ ഒന്നായ കേംബ്രിഡ്ജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ രാഹുല്‍ ഇതിന് മുന്‍പും അവിടെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയന്‍ നിലപാടുകളും, ദര്‍ശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സര്‍വകലാശാലകളില്‍ സന്ദര്‍ശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്നും ഡെവലപ്മെന്റ് സ്റ്റഡീസില്‍ എംഫില്‍ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ്  ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 'Learning to Listen in the 21st Century' എന്ന വിഷയത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ നടത്തിയിരുന്നു. ഭാരതത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യില്‍ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി എത്തിയത്. രാഹുലിന്റെ പിതാവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ ജവഹര്‍ലാല്‍ നെഹ്റു എന്നിവരും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു. ലണ്ടനില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ഹൃസ്യമായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തര്‍ റാന്തവ, സുധാകര്‍ ഗൗഡ, ജനറല്‍ സെക്രട്ടറി ഗമ്പ വേണുഗോപാല്‍, വക്താവ് അജിത് മുതയില്‍, വനിത വിഭാഗം ജനറല്‍ സെക്രട്ടറി അശ്വതി നായര്‍, ഐഒസി കേരളം ഘടകം കോര്‍ഡിനേറ്റര്‍ ബോബിന്‍ ഫിലിപ്പ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ ഭാഗഭാക്കായി. രാഹുല്‍ ഗാന്ധിക്ക് ഒപ്പം യുകെ സന്ദര്‍ശനത്തില്‍, ഇന്ത്യന്‍ ഓവര്‍സീസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയും പങ്കുചേര്‍ന്നു. മാതൃരാജ്യ വിഷയങ്ങളില്‍ വളരെ തീക്ഷ്ണത പുലര്‍ത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയില്‍ പ്രവാസി ഇന്‍ഡ്യാക്കാരോട് വലിയ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുല്‍, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, പ്രവാസികളുടെ നിര്‍ണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭാരത് ജോഡോ ന്യായ്  യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കേള്‍ക്കുവാനും, അതിന്റെ വെളിച്ചത്തില്‍, അവര്‍ക്കായുള്ള പദ്ധതികളുടെ ആവിഷ്‌ക്കാരങ്ങള്‍ ലക്ഷ്യം വെച്ചാണ്. രാജ്യത്തിന്റെ നേതാക്കള്‍ തങ്ങളുടെ ജനങ്ങളെ കേള്‍ക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാന്‍ ഇതനിവാര്യമാണെന്നാണ് താന്‍ കരുതുന്നതെന്നും കൂടിക്കാഴ്ചയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിക്കു തിരിച്ച രാഹുല്‍ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അനുഗമിച്ച ഐഒസി നേതാക്കള്‍, ആശംസകള്‍ നേര്‍ന്നു യാത്രയയച്ചു.  

More Articles

സമീക്ഷയുടെ കോര്‍ട്ടില്‍ ആവേശപ്പോര് ഇപ്‌സ്വിച്ചില്‍ അര്‍ജുന്‍ സജി- മുഹമ്മദ് അലി സഖ്യം വിജയികള്‍, ഒന്നാം സ്ഥാനക്കാര്‍ക്ക് ബുക്കോട്രിപ്പ് ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത 101 പൌണ്ടും ട്രോഫിയും സമ്മാനിച്ചു
ബ്രിസ്റ്റോളില്‍ മലയാളികള്‍ക്കായി പുതിയ സംഘടന; ബ്രിസ്റ്റോളിലെ പുതിയ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയില്‍ പഴയ കുടിയേറ്റക്കാരും; കുടുംബ-സാംസ്‌കാരിക- വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നേറാന്‍ പൈതൃകത്തിന്റെ തണലൊരുക്കി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍
'സെവന്‍ ബീറ്റ്സ്-സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം സദസ്സിന് സമ്മാനിച്ചത് കലയുടെ മഴവില്‍ വസന്തം; ഓ എന്‍ വി അനുസ്മരണ തിരുമുറ്റത്ത് സംഗീതാര്‍ച്ചനയും ശ്രദ്ധാഞ്ജലിയും സമര്‍പ്പിച്ച് കലാലോകം
സമീക്ഷയുടെ കരുതല്‍; സ്‌നേഹവീടിന്റെ താക്കോല്‍ദാനം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും, ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചടങ്ങുകള്‍ നടക്കും
തോമസ്‌കുട്ടി ഫ്രാന്‍സിസിനെ വീണ്ടുംപ്രസിഡന്റായി തിരഞ്ഞെടുത്ത് ലിംക, വിബിന്‍ വര്‍ഗീസ് സെക്രട്ടറി, അജി വര്‍ഗീസ് ട്രഷറര്‍, ലിംകയില്‍ ഇക്കുറിയും മികവുറ്റ ഭരണസിമിതി
കലാസ്വാദകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന 'സെവന്‍ ബീറ്റ്സ്-സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം നാളെ; ഓഎന്‍വി ട്രിബൂട്ടുകളുമായി 'സ്വരം' മാഗസിന്‍, 'മെഡ്ലി', 'ഗാനാമൃതം', 'നൃത്തലയം'; ശിങ്കാരി മേളവും 60 ഓളം നൃത്ത-സംഗീത കലാ വിഭവങ്ങളും; പ്രവേശനം സൗജന്യം
കൈരളി യുകെ സംഗീത നൃത്ത സന്ധ്യ സതാംപ്ടണില്‍, ആഘോഷങ്ങള്‍ക്കൊപ്പം ഏഷ്യന്‍ വംശജരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെല്‍ ഡോണര്‍ രജിസ്‌ട്രേഷനും നടത്തപ്പെടും
ചെംസ്‌ഫോര്‍ഡില്‍ തേജ-മനോഭി സഖ്യത്തിന് വിജയം; സമീക്ഷയുടെ രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു, ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ മകനുമായ നവീന്‍ മാധവ് നിര്‍വഹിച്ചു

Most Read

British Pathram Recommends