യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികളുടെ അഭിമാനമുയര്‍ത്തി ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 70 ശതമാനം കരസ്ഥമാക്കിയാണ് ബേസിംഗ് സ്റ്റോക്കിലെ പോപ്പിലി വാര്‍ഡില്‍ നിന്ന് സജീഷ് തിരഞ്ഞെടുക്കപ്പെട്ടത്. 2021-ല്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിന് തന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ ഈ മികച്ച വിജയം.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളില്‍ അംഗമായിക്കൊണ്ട് പൊതു രംഗത്തെ ഇടപടലിലൂടെ തന്റെ ജനകീയ അടിത്തറ സജീഷ് വിപുലീകരിക്കുകയായിരുന്നു.
എണ്‍പത് ശതമാനത്തോളം ബ്രിട്ടീഷ്കാര് താമസിക്കുന്ന 'പോപ്പിലി' പോലൊരു വാര്‍ഡില്‍നിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത്, സജീഷിന് വ്യക്തിപരമായി എന്നതിനൊപ്പം മലയാളി സമൂഹത്തിനും, ഇന്ത്യന്‍ സമൂഹത്തിനാകെയും അഭിമാനകരമാണ്. 2005 ല്‍ യുകെയിലെത്തിയ സജീഷ് കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ്. ബേസിംഗ്സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ അഡ്മിന് സ്റ്റാഫായി ജോലിചെയ്യുകയാണ് സജീഷ്. ഭാര്യ ആന്‍സി ഇതേ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു. ഏക മകള്‍ അലീന ഓഡിറ്റ് അസോസിയേറ്റ് ആയും ജോലി ചെയ്തു വരുന്നു.
ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളില്‍ യു കെ യില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച സജീഷ്, ബേസിംഗ്സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍, 'യുക്മ' ദേശീയ ജനറല്‍ സെക്രട്ടറി, ബേസിംഗ്സ്റ്റോക്ക് ലേബര്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗം, യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ 'യൂണിസണ്‍' ബ്രാഞ്ച് ചെയര്മാന്, റീജിയണല്‍ കമ്മറ്റി അംഗം, സ്കൂള്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി മേഖലകളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യു കെ പൊതുസമൂഹത്തില്‍ നിറസാന്നിധ്യമാണ്.