എറണാകുളത്ത് വീണ്ടും ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
യുവതി അവിവാഹിതയാണ്. മറ്റ് ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്.
ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്.
ഉടന്‍ തന്നെ വിവരം എറണാകുളം നോര്‍ത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരിയായ യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.