കിഴക്കന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന വാളാക്രമണത്തില് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹൈനോള്‍ട്ടില്‍ നിന്നുള്ള ഐടി എഞ്ചിനീയറായ ഹെന്റി ഡി ലോസ് റിയോസ് പൊലാനിയ (35) തന്റെ ജീവന് രക്ഷിച്ചതിന് അടിയന്തര സേവനങ്ങള്‍ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് തന്റെ വീട്ടില്‍ വച്ച് കുത്തേറ്റത്. അക്രമികളില്‍ നിന്ന് കുടുംബത്തെ സംരക്ഷിച്ചതിന്റെ വീരപുരുഷനായി സഹോദരി ജെസിക്ക ഡി ലോസ് റിയോസ് (31) അദ്ദേഹത്തെ വിശേഷിപ്പിച്ചു.
തുടര്‍ന്ന് അദ്ദേഹം തന്റെ ആശുപത്രി കിടക്കയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കിട്ട് കുറിച്ചു: 'എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് എന്‍എച്ച്എസിലെ എല്ലാ നഴ്സുമാര്‍ക്കും പാരാമെഡിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
ആക്രമണത്തില്‍ മരിച്ച ഡാനിയല്‍ അന്‍ജോറിന്‍ (14) ന്റെ സ്മരണയ്ക്കായി ഈ വാരാന്ത്യത്തില്‍ ഹൈനോള്‍ട്ടില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തും. മെയ് 5 ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന് കാര്‍ പാര്‍ക്കില്‍ ഇത് നടക്കുമെന്ന് ഇല്‍ഫോര്‍ഡ് റെക്കോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടന്‍ നഗരത്തെ തന്നെ വിറപ്പിച്ച സംഭവത്തില്‍ ഹെന്റി അടക്കം നാലുപേരായിരുന്നു പരിക്കുകളോടെ ആശുപത്രിയിലായത്. അതില്‍, സംഭവസ്ഥലത്ത് എത്തിയ രണ്ട് പോലീസുകാരും ഉള്‍പ്പെടും. വാള്ഥാംസ്റ്റോയിലെ കാത്തൊലിക് സ്കൂളിലെ സയന്‍സ് ടീച്ചറുടെ മകനാാണ് കൊല്ലപ്പെട്ട ഡാനിയേല്‍. കാത്തൊലിക് സ്കൂള്‍ അധികൃതരും ഡാനിയലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. സ്കൂളിലേക്കുള്ള യാത്രാ മദ്ധ്യേ, അവിചാരിതമായി കൊല്ലപ്പെട്ട ഡാനിയലിനെയും മാതാപിതാക്കളെയും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ സ്കൂളിലെ ജീവനക്കാാര്‍ക്കും വിദ്യാാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.
വളര്‍ന്നു വരുന്ന ഫുട്ബോള്‍ താരം കൂടിയായ ഡാനിയലിന്റെ അകാല വിയോഗം ആ കൗമാരക്കാരന്റെ സുഹൃത്തുക്കള്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മെസ്സി എന്ന് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഡാനിയേലിന്റെ ഫുട്ബോളിലെ നൈപുണ്യത്തെ കുറിച്ച് എത്രപറഞ്ഞാലും സുഹൃത്തുക്കള്‍ക്ക് മതിയാകുന്നില്ല. നൈജീരിയന്‍ വംശജരായ ദമ്പതികളുടെ ഇളയ മകനായാ ഡാനിയേല്‍ പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. മാത്രമല്ല, മറ്റുള്ളവരുമായി ദൗഹാര്ദ്ദപൂര്വ്വം ഇടപെട്ടിരുന്ന ഒരു കുട്ടികൂടിയായിരുന്നു എന്ന് സ്കൂള്‍ അധികൃതരും പറയുന്നു.
ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ ലണ്ടനിലെ ഹെയ്നോള്ട്ടിലുള്ള തര്‍ലോ ഗാര്‍ഡന്‍സിലെ തെരുവില്‍ നീളമുള്ള വാളുമായി താണ്ഡവമാടുന്ന ഒരു യുവാവിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ടീസറുകള്‍ ഉപയോഗിച്ച് പോലീസ് കീഴ്പെടുത്തിയാ ഒരു 36 കാരന് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കറുത്ത വാനിലെത്തിയ അക്രമൈ, വാന്‍ ഒരു വീടിനുള്ളിലെക്ക് ഇടിച്ചു കയറ്റിയതിന് ശേഷമാാണ് സമുറായ് വാളുമായി പുറത്തിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അല്പം മുന്‍പായി നടന്ന സംഭവത്തില്‍ അക്രമി പൊതുജനങ്ങളേയും പോലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ചതായും മെറ്റ് പോലീസ് പറഞ്ഞു. മറ്റൊരു വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അക്രമിയെ സമീപിക്കുന്നത് കാണാം. എന്നാല്‍, അക്രമി ഒരു വീടിന് പിന്നിലേക്ക് ഓടി മറയുകയായിരുന്നു. അവിടെ വെച്ചായിരുന്നു പോലീസ് അക്രമിയെ കീഴടക്കുന്നത്. മരണമടഞ്ഞ ഡനിയേലിന് തലക്കായിരുന്നു വെട്ടേറ്റതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് എക്സ്സ്പ്രസ്സ് യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു.