ഇന്നലെ രാത്രി എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയത് ട്രെയിന്‍ യാത്രക്കാര്‍ക്ക് ആകെ ആശങ്ക ഉണ്ടാക്കി. ചൊവ്വര സ്റ്റേഷനില്‍ നിര്‍ത്താതെ ട്രെയിന്‍ മുന്നോട്ട് പോയ സംഭവം ആണ് യാത്രക്കാര്‍ക്ക് ആശങ്കയായത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്
ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനാണ് ചൊവ്വര. സ്റ്റേഷനില്‍ ഇറങ്ങാന്‍ ആളുണ്ടായിരുന്നെങ്കിലും വണ്ടി നിര്‍ത്താതെ പോയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. സ്റ്റേഷനിലെ ജീവനക്കാരന് ട്രെയിനിലെ ഗാര്‍ഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. തുടര്‍ന്ന് പാതി വഴിയില്‍ വണ്ടി നിര്‍ത്തി. ഇതോടെ സ്റ്റേഷനില്‍ ഇറങ്ങേണ്ട പലരും ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു.
അപ്പോഴും ട്രെയിനില്‍ കയറാന്‍ നിരവധി പേര് സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പിന്നോട്ടെടുത്തു. കൂരിരുട്ടില്‍ ദൂരെ ഇറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ട്രെയിന്‍ പിന്നോട്ടെടുത്തപ്പോള്‍ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെ ചൊവ്വര സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ വൈകിയാണ് പിന്നീട് സര്‍വീസ് നടത്തിയത്.