ഗുജറാത്തില്‍ നദിക്ക് കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 132 കടന്നതായി റിപ്പോര്‍ട്ട്. മോര്‍ബിയിലെ മച്ഛു നദിക്ക് കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. അപകട സമയത്ത് 500ഓളം പേര് പാലത്തിലുണ്ടായിരുന്നുവെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
177 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 19 പേര് ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. മച്ഛു നദിയില്‍ കര-വ്യോമ-നാവിക സേനകള്‍, എന്‍ഡിആര്‍ഫ്, അഗ്നിശമന സേന തുടങ്ങിയവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പാലം പുനര്‍നിര്‍മിച്ച ബ്രിജ് മാനേജ്മെന്റ് ടീമിനെതിരെ കേസെടുത്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്വി പറഞ്ഞു.
തകര്‍ന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പുനര്‍ നിര്‍മാണത്തിനു ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നുനല്‍കിയത്. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അപകടസമയത്ത് അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരുകൂട്ടം ആളുകള്‍ മനഃപൂര്‍വം പാലം കുലുക്കിയതായും ആരോപണമുണ്ട്.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും.