ഗൂഗിളിന്റെ ജിമെയിലിനോട് ഏറ്റുമുട്ടാന്‍ പുതിയ മെയില്‍ സംവിധാനവുമായി എക്സ്. എക്സിന്റെ 'എക്സ്മെയില്‍' ഉടന്‍ ആരംഭിക്കുമെന്ന് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്ക് അറിയിച്ചു.
ജിമെയിലിന്റെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് ഗൂഗിള്‍ രംഗത്തുവരികയും ചെയ്തു. ഇതിനിടയിലാണ് മസ്കിന്റെ പ്രഖ്യാപനം വരുന്നത്.
എക്സ്മെയില്‍ എന്നാണ് വരികയെന്ന് എക്സിന്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിര്‍ന്ന അംഗമായ നഥാന്‍ മക്ഗ്രാഡി എക്സില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മസ്ക് ഉടന്‍ വരുമെന്ന് അറിയിച്ചത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മസ്ക് നല്‍കിയിട്ടില്ല. എക്സ് ആപ്പുമായി ഇതിനെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ എക്സ് എ.ഐയുടെ സേവനവും ഇതില്‍ ലഭ്യമാകാന്‍ ഇടയുണ്ട്.
സ്വാഭാവികമായും എക്സ്മെയില്‍ ഗൂഗിളിന് വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. 2024ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ ഇമെയില്‍ സേവനമാണ് ജിമെയില്‍. എന്നാല്‍, കഴിഞ്ഞദിവസമാണ് ജിമെയില്‍ സേവനം ഗൂഗിള്‍ നിര്‍ത്തുകയാണെന്ന പോസ്റ്റ് എക്സില്‍ വൈറലായത്. 'ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിച്ച്, തടസ്സങ്ങളില്ലാത്ത ആശയവിനിമയം പ്രാപ്തമാക്കി, എണ്ണമറ്റ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തശേഷം ജിമെയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. 2024 ആഗസ്റ്റ് ഒന്ന് മുതല്‍ ജിമെയില്‍ ഔദ്യോഗികമായി അസ്തമിക്കും'-എന്നായിരുന്നു പോസ്റ്റ്.