പല രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പക്ഷെ ഉദ്ദേശിച്ച പ്രതികരണം കിട്ടാത്ത എത്രയോ സംഭവങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കും വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് ലിങ്ക്ഡിന്‍. ഇതിലാണ് വളരെ വ്യത്യസ്തമായ ഒറു പരസ്യം ഒരാള്‍ കൊടുത്തത്. ഈ പരസ്യം കണ്ട എല്ലാവരും വളരെ അധികം രോഷാകുലരായിരിക്കുകയാണ്.
ലിങ്ക്ഡിനില്‍ ഒരു ടെക്കിയാണ് രോഷം കൊള്ളുന്ന പോസ്റ്റ് നല്‍കിയത്. കാരണം ഇയാള്‍ ഇതില്‍ അന്വേഷിച്ച് എത്തിയത് ഒരു ജോലിയായിരുന്നില്ല. ഒരു ഭാര്യയെ ആയിരുന്നു.
തനിക്കൊരു ജൂനിയര്‍ ഭാര്യയെ വേണം എന്ന് പറഞ്ഞാണ് ഇയാള്‍ ലിങ്ക്ഡിനില്‍ കുറിച്ചത്. വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ജിതേന്ദ്ര സിംഗ് എന്ന യുവാവാണ് താന്‍ ഒരു ജൂനിയര്‍ ഭാര്യയെ തേടുന്നു എന്നും പെട്ടെന്ന് തന്നെ അവരെ നിയമിക്കും എന്ന് കുറിച്ചിരിക്കുന്നത്.
പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, 'അടിയന്തര നിയമനം! എന്റെ ജീവിതത്തിലേക്ക് ഞാന്‍ ഒരു 'ജൂനിയര്‍ ഭാര്യ'യെ തിരയുന്നു. ശ്രദ്ധിക്കുക - പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ (ഭാര്യമാര്‍) അപേക്ഷിക്കരുത്. പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേക നിയമനം ഞാന്‍ വേറെ നടത്തും. ജോലിയുടെ സ്വഭാവം: ജീവിതകാലം മുഴുവനും. കരിയര്‍ ലെവല്‍: എന്‍ട്രി ലെവല്‍ (ഒട്ടും പരിചയം ആവശ്യമില്ല) ശമ്പളം: രഹസ്യമാണ്. മൂന്ന് റൗണ്ട് ഇന്റര്‍വ്യൂ ഉണ്ടാകും. അവസാന റൗണ്ട്: മുഖാമുഖം.'
പാചകത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടാവണം, രാത്രിയില്‍ ഉണര്‍ന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം, ആശയവിനിമയത്തില്‍ നല്ല കഴിവ് വേണം, മാന്യയും അനുസരണയുള്ളവളും ആയിരിക്കണം, സ്നേഹമുള്ളവളും ലക്ഷ്യബോധമുള്ളവളും ആയിരിക്കണം എന്നും യുവാവ് പറയുന്നു. എന്തായാലും പോസ്റ്റിനെതിരെ വലിയ രോഷപ്രകടനമാണ് ആളുകളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇമ്മാതിരി ഒരു വിഡ്ഢിത്ത പോസ്റ്റ് എങ്ങനെയാണ് ലിങ്ക്ഡിന്‍ പോലെ ഒരു പ്രൊഫഷണല്‍ പ്ലാറ്റ്ഫോം വച്ചുപൊറുപ്പിക്കുന്നത് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്.