ബ്രാഡ്ഫോര്‍ഡ് സിറ്റി സെന്ററില്‍ 27 കാരിയായ യുവതി കുത്തേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.21 ന് ഡ്രൂട്ടണ് റോഡിന് സമീപമുള്ള വെസ്റ്റ്ഗേറ്റിലാണ് സംഭവം. ഒരു സ്ത്രീയെ ഒരു പുരുഷന് കുത്തിപ്പരുക്കേല്പിച്ചെന്നും പ്രതി കടന്നു കളഞ്ഞു എന്നുമായിരുന്നു പോലീസിന് കോള്‍ ലഭിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ പിന്നീട് മരിച്ചുവെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. ഇരയെ ഇതുവരെ ഔപചാരികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അവര്‍ക്ക് 27 വയസ്സ് പ്രായമുള്ളതായി മനസ്സിലാക്കുന്നുവെന്നും ഫോഴ്സ് പറഞ്ഞു.
ബ്രാഡ്ഫോര്‍ഡിലെ തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകല്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും നിരവധി ആളുകള്‍ ഇതിന് സാക്ഷിയായതായും തങ്ങള്‍ വിപുലമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വെസ്റ്റ് യോര്‍ക്ക്ഷെയര്‍ പോലീസ് പറഞ്ഞു.
''ഏറ്റവും ഭയാനകമായ സാഹചര്യങ്ങളില്‍ ഒരു യുവതിക്ക് അവളുടെ ജീവന് നഷ്ടപ്പെട്ടു, പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഞങ്ങള്‍ക്ക് വിപുലമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ സംഭവം പ്രാദേശിക സമൂഹത്തില്‍ ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, ഈ ഭയാനകമായ കുറ്റകൃത്യം അന്വേഷിക്കാനും ഉത്തരവാദിയായ വ്യക്തിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഞങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നു. ഇതില്‍ ഞങ്ങളെ സഹായിക്കുന്നതിന്, ഡാഷ്ക്യാം ഫൂട്ടേജ് ഉള്ളവരോ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തിരിക്കുന്ന ആ പ്രദേശത്തുണ്ടായിരുന്നവരോട്, അത് എത്ര ചെറുതാണെന്ന് തോന്നിയാലും മുന്നോട്ട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു''. യോര്‍ക്ക്ഷെയര്‍ പോലീസ് പറഞ്ഞു.
സംഭവത്തിന് ദൃക്സാക്ഷികളോ പ്രസക്തമായ ഡാഷ്ക്യാം ഫൂട്ടേജുകളോ ഉള്ളവര്‍ ഓണ്‍ലൈനില്‍ ലൈവ് ചാറ്റ് മുഖേനയോ ഏപ്രില്‍ 6 ലെ ലോഗ് 1072 ഉദ്ധരിച്ച് 101 എന്ന നമ്പറില്‍ വിളിച്ചോ പോലീസുമായി ബന്ധപ്പെടാനും അഭ്യര്‍ത്ഥിച്ചു. കൂടാതെ 0800 555111 എന്ന നമ്പറില്‍ അജ്ഞാതമായി സ്വതന്ത്ര ചാരിറ്റി ക്രൈംസ്റ്റോപ്പേഴ്സിനും വിവരങ്ങള്‍ നല്‍കാം.