ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനായ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച യുകെയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. ഷാരോണ്‍ എബ്രഹാം എന്ന 27 കാരനാണ് അപകടകരമായ ഡ്രൈവിംഗ് മരണത്തിന് ഇടയാക്കിയതിനെ ജയിലിലായത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്.
2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന ലെക്സസ് കാര്‍ 75 കാരനായ ആന്‍ഡ്രൂ ഫോറെസ്റ്റിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ആ സമയം കാറിന്റെ വേഗത 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു.
അപകടം സംഭവിച്ച ശേഷം ഷാരോണ്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു. കേസ് വിചാരണയ്ക്ക് പോയിരുന്നെങ്കില്‍ ശിക്ഷ ഒമ്പത് വര്‍ഷം തടവ് അനുഭവിക്കാമായിരുന്നു, എന്നാല്‍ കേസില്‍ ആദ്യം തന്നെ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശ്ിക്ഷാ കാലവധി 6 വര്‍ഷമായി കുറയുകയായിരുന്നു. എട്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഷാരോണ്‍ എബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു വിപുലമായ റീ-ടെസ്റ്റ് നടത്തേണ്ടി വരും.
കൂട്ടിയിടി നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ എബ്രഹാമിനെ പിടികൂടിയത്. ഷാരോണിന് ഒമ്പത് വര്‍ഷമായി വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും യുകെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടി വന്നു. ടെസ്റ്റ് പാസായ ദിവസം വൈകിട്ട് ഏകദേശം 7.45 ന് വോക്കിംഗ് കോളേജിലെ മുന്‍ ചരിത്ര മേധാവിയായ ഫോറസ്റ്റിനെ ഷാരോണിന്റെ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 25 ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍, അപകടകരമായ തന്റെ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് ഷാരോണ്‍ എബ്രഹാം സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് രാത്രി 7.45 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡില്‍ സംഭവം നടക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. അപകട വിവരം തന്റെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരെ ഷാരോണ്‍ എബ്രഹാം അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ കുറ്റകൃത്യം മറയ്ക്കുന്നതിനായി പ്രതി തന്റെ വീടി്ന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പോലീസിംഗ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ 16 മണിക്കൂറുകള്‍ക്കകം ഷാരോണിനെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പ്രതി, അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും അവകാശപ്പെട്ടു. എതിര് ദിശയില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനം സീബ്രാ ക്രോസിംഗില്‍ കൊല്ലപ്പെട്ട ഫോറസ്റ്റിനെ കടത്തിവിടാന്‍ കൃത്യമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കുന്നത് ഷാരോണ്‍ അമിത വേഗതയിലായിരുന്നു എന്നാണ്. 30mph സോണില്‍ 45mph നും 52mph നും ഇടയില്‍ പ്രതി ഡ്രൈവ് ചെയ്തതായാണ് കണക്കാക്കുന്നത്. ഷാരോണ്‍ എബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ല.
.
നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു. ഡ്രൈവിംഗിന് മുമ്പ് പ്രതി ഒരു നിമിഷം മാത്രം കാര്‍ നിര്‍ത്തിയതാണ് ഈ കേസ് കൂടുതല്‍ വഷളാക്കുന്നതെന്നും ജഡ്ജി പറയുന്നു. ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി.