പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിക്കാന്‍ ഇനി ഒരാഴ്ച്ച മാത്രം. ഏപ്രില്‍ 11 വ്യാഴാഴ്ച്ച മുതല്‍ പാസ്പോര്‍ട്ട് ഫീസില്‍ വരുന്നത് ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്കാന് പുതുക്കിയ ചാര്‍ജ്ജ് സഹായിക്കും എന്നാണ്, പാസ്പോര്‍ട്ട് ഓഫീസിന്റെ ചുമതലയുള്ള ഹോം ഓഫീസ് അവകാശപ്പെടുന്നത്. 16 വയസിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 57.50 പൗണ്ടായും വര്‍ധിക്കും.
സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിനു മുകളില്‍ 100 പൗണ്ടും 16 വയസ്സില്‍ താഴെ 69 പൗണ്ടുമാണ് പുതിയ ഫീസ്. വിദേശത്തുനിന്നും ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് 101 പൗണ്ടും 16 വയസില്‍ താഴെയുള്ളവര്‍ക്ക് 65.50 പൗണ്ടുമാണ് ഫീസ്. വിദേശത്തുനിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് പേപ്പര്‍ അപേക്ഷകള്‍ക്ക് ഇത് യഥാക്രമം 112.50 പൗണ്ടും, 77 പൗണ്ടും ആയി മാറും.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് ഒന്‍പതു ശതമാനം ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ മറ്റൊരു വര്‍ധനകൂടി നടപ്പിലാക്കുന്നത്