കുഞ്ഞുങ്ങള്‍ വലിയൊരു ഭാഗ്യമാണ്. അതുകൊണ്ട് തന്നെ അതൊരു വലിയ ഉത്തരവാദിത്തമാണ്. ഒരു കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കളുടെ ലോകം തന്നെ കുഞ്ഞിന് ചുറ്റുമായിരിക്കും. പക്ഷെ ഇവിടെ ഒരു മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ നോക്കാനും പരിപാലിക്കാനും ബുദ്ധിമുട്ടായതിനാല്‍ ദത്ത് നല്കാന് തയ്യാറായിരിക്കുകയാണ്.
അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെയാണ് ഈ സംഭവം പുറത്ത് വന്നത്. റെഡിറ്റിലൂടെ കുഞ്ഞിന്റെ അച്ഛന് തന്നെയാണ് ഈ കാര്യം പറഞ്ഞെത്തിയത്. യുഎസ് ദമ്പതികള്‍ ആണ് ഇവര്‍. പക്ഷെ ഇതിന് ഇവര്‍ പറഞ്ഞ കാരണങ്ങളാണ് വിചിത്രം.
കൊച്ചുകുട്ടി ദമ്പതികളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞുമായി ഇടപഴകാന്‍ ഭാര്യയ്ക്ക് തീരെ താത്പര്യം ഇല്ലത്രേ. കുഞ്ഞിന് ഇടയ്ക്കിടെ ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും വസ്ത്രം മാറുന്നതും ബുദ്ധിമുട്ടായി തോന്നുന്നു. താനും ഭാര്യയും ജോലിക്ക് പ്രാധാന്യം നല്‍കുന്നവരും ശാഠ്യക്കാരും ആണ്. അതിനാല്‍ പ്രസവ അവധി രണ്ടാഴ്ച മാത്രമാണ് ഭാര്യ എടുത്തത്, പിതാവ് പങ്കുവെച്ചു.
കുഞ്ഞിന് മുലയൂട്ടില്ലെന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നതായും പിതാവ് പറയുന്നു. ഭാര്യയക്ക് കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കുന്നത് ഇഷ്ടമല്ലെന്നും എന്നാല്‍ തനിക്ക് നേരെ മറിച്ചാണ്. എതായാലും തങ്ങള്‍ക്ക് കുഞ്ഞിനെ നോക്കാന്‍ പറ്റില്ലെന്നും താത്പര്യമുളളവര്‍ക്ക് കുഞ്ഞിനെ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്ത് വന്നതോടെ ശിശു സംരക്ഷണ അധികൃതര്‍ ദമ്പതികളെ ബന്ധപ്പെട്ടു. ഭാര്യയുടെ പക്ഷം ചേരാനുള്ള കാരണവും കുറപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ മകളില്ലാത്ത ജീവിതം എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്റെ ഭാര്യയില്ലാത്ത ജീവിതം എനിക്ക് ബുദ്ധിമുട്ടാണ്. മകളെ ദത്ത് നല്‍കുന്നത് ശരിയല്ലെന്ന് അറിയാം അവള് കൂടെയുണ്ടാകുന്നത് എന്റെ ഭാര്യയെ ദുഖിതയാക്കും -ഭര്‍ത്താവ് എഴുതി
പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ ആളുകള്‍ റോബോട്ടുകളെപ്പോലെയോ അന്യഗ്രഹജീവികളെപ്പോലെയോ തോന്നുന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്.