ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.
shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു.
എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം.
വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്.
ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.