കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന വിശുദ്ധവാരം മഞ്ഞിലും തണുപ്പിലും മൂടുവാന്‍ 'നെല്‍സണ്‍' കൊടുങ്കാറ്റും എത്തന്നു. ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്ക്കുന്നു. വെയില്‍സിലെ ഭൂരിപക്ഷം മേഖലകളിലും മഞ്ഞ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിലെ മഞ്ഞ ജാഗ്രത കാറ്റിനെ തുടര്‍ന്നാണ്. നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിനങ്ങളില്‍ മഞ്ഞും, മഴയും, ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന.
സ്കോട്ട്ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും, പിന്നീട് മഴയും നേരിടും. ബുധനാഴ്ച മുതല്‍ യുകെയില്‍ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്കോട്ട്ലണ്ടില്‍ 7 സെല്‍ഷ്യസ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ 9 സെല്‍ഷ്യസ്, സൗത്ത്, വെയില്‍സ് എന്നിവിടങ്ങളില്‍ 12 സെല്‍ഷ്യസ് എന്നിങ്ങനെ കുറഞ്ഞുവരുകയായിരുന്നു.