എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കള്ളാട് സ്വദേശി ഏലിയാസിന്റ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മയാണ് സാറാമ്മ. ഇന്നലെ ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഈ സമയത്ത് സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് നിഗമനം.
ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് അടിച്ചുവെന്നാണ് കരുതുന്നത്. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിന് ചുറ്റും മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.
കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും സ്ഥലത്തെത്തിയ ആന്റണി ജോണ്‍ എം.എല്‍.എ. പറഞ്ഞു.