ഈ വർഷം ഏപ്രിൽ മാസം യുകെയിലെ വിദേശ കുടിയേറ്റക്കാരെ സംബന്ധിച്ച് കർശന നിയന്ത്രണ നിയമങ്ങൾ നിലവിൽ വരുന്ന മാസമാണ്.
സ്കിൽഡ് വിസയ്ക്കായുള്ള വേതന പരിധി 38,700 പൗണ്ടിലേക്ക് ഉയരും എന്നതിനുപുറമേ, ഫാമിലി വിസയ്ക്കുള്ള വാർഷിക വേതന പരിധിയും കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനവുമെല്ലാം ഏപ്രിലിലാണ് പ്രാബല്യത്തിൽ വരിക.
എന്നാൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന യുകെയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഗുണകരമായ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ഹോം ഓഫീസ്.
ഇതിനായി സ്പോൺസർ ലൈസൻസുകൾ പുതുക്കുന്ന നിലവിലെ രീതിയിൽ ഹോം ഓഫീസ് വലിയ മാറ്റം പ്രഖ്യാപിച്ചു. ഏപ്രിൽ 6 മുതൽ, യുകെയ്ക്ക് പുറത്തുള്ള സ്കിൽഡ് അഥവാ വിദഗ്ധ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന ബിസിനസ്സ് സ്ഥാപനങ്ങൾ, ഓരോ നാല് വർഷത്തിലും ലൈസൻസ് പുതുക്കണമെന്ന നിലവിലെ നിബന്ധന നിർത്തലാക്കും.
നേരത്തെ വിദേശ തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന യുകെയിലെ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾ എല്ലാ നാല് വർഷം കൂടുമ്പോഴും വലിയ ഫീസ് തുക നൽകി ലൈസൻസ് പുതുക്കണമായിരുന്നു. മാത്രമല്ല, കാലതാമസം വരുത്തുന്ന നിയമ നൂലാമാലകളും ഇതിനുണ്ടായിരുന്നു.
മുമ്പത്തെ സമ്പ്രദായമനുസരിച്ച്, ലൈസൻസ് കാലാവധി തീരുന്നതിന് 90 ദിവസം മുമ്പ് സ്പോൺസർമാർ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി സ്ഥാപനത്തിന്റെ വലുപ്പവും ചാരിറ്റി നിലയും അനുസരിച്ച് £536 മുതൽ £1,476 വരെ ഫീസ് ഈടാക്കുന്നു. പുതുക്കലുകൾക്കുള്ള പ്രോസസ്സിംഗ് സമയവും എട്ട് ആഴ്ച വരെ നീണ്ടുനിൽക്കും.
2024 ഏപ്രിൽ 6-നോ അതിനുശേഷമോ കാലഹരണപ്പെടുന്ന നിലവിലുള്ള സ്പോൺസർ ലൈസൻസുകളുടെ കാലാവധി സ്വയമേവ ഓട്ടോമാറ്റിക്കായി പത്ത് വർഷത്തേക്ക് നീട്ടപ്പെടും. ഇത് പുതുക്കലുകളുടെ ആവശ്യകത തന്നെ ഇല്ലാതാക്കും.
പ്രസ്തുത സമയപരിധിക്കുള്ളിൽ സാധുവായ ലൈസൻസുകൾ കൈവശമുള്ള സ്പോൺസർമാർ ഒരു നടപടിയും എടുക്കേണ്ടതില്ല. അവരുടെ ലൈസൻസുകൾ സ്വയമേവ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പത്തുവർഷത്തേക്ക് പുതുക്കപ്പെടും.
അതുപോലെ ഇതിനകം പുതുക്കൽ പ്രക്രിയ ആരംഭിച്ച സ്പോൺസർമാരെ അപേക്ഷാ ഫീസ് റീഫണ്ട് ക്രമീകരിക്കുന്നതിനായി ബന്ധപ്പെടുമെന്നും ഹോം ഓഫീസ് അറിയിച്ചു. അവർക്ക് തുക അടച്ചിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കും.
ലൈസൻസ് കാലഹരണ തീയതി പരിശോധിക്കാൻ, സ്പോൺസർമാർക്ക് ഓൺലൈൻ സ്പോൺസർഷിപ്പ് മാനേജ്മെൻ്റ് സിസ്റ്റത്തിന്റെ (എസ്എംഎസ്) വെബ്സൈറ്റിൽ "ലൈസൻസ് സമ്മറി" എന്ന വിഭാഗത്തിലൂടെ കഴിയും.
കഴിഞ്ഞ ഡിസംബറിൽ, യുകെയിൽ ജോലിചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്നവരുടെ ശമ്പള പരിധിയിൽ ഗണ്യമായ വർദ്ധനവ് ഉൾപ്പെടെയുള്ള പുതിയ നടപടികൾ സുനക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ പുതിയ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, സ്കിൽഡ് വർക്ക് വിസ റൂട്ടിലൂടെ അപേക്ഷിക്കുന്നവർ £38,700 വാർഷിക വേതനപരിധി നേടണം. ഇത് നേരത്തെയുള്ള £26,000 ൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് എന്നതാണ് വ്യാപക വിമർശനത്തിന് കാരണമായത്.
പുതിയ നിയന്ത്രണങ്ങളിൽ വിദേശ കെയറർ തൊഴിലാളികൾക്കുള്ള ഡിപെൻഡന്റ് വിസയുടെ നിയന്ത്രണവും ഉൾപ്പെടുന്നു, കുടുംബ ആശ്രിതരെ കൊണ്ടുവരുന്നതിൽ നിന്ന് ഇതവരെ തടയുന്നു.
ഷോർട്ടേജ് ഒക്കപ്പേഷൻ തൊഴിൽ പട്ടികയിലുള്ള തൊഴിലാളികൾക്ക് സ്ഥാപനങ്ങൾക്ക് നൽകാവുന്ന 20% ശമ്പളക്കുറവ് അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുള്ളതും കുടിയേറ്റക്കാർക്ക് തിരിച്ചടിയാണ്.