കൊല്ലം കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് മരിച്ചത്. ഷീനയെ ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ കുട്ടികളെ സ്കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരിയുടെ ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദിക്കുമായിരുന്നുവെന്നാണ് ഷീനയുടെ ബന്ധുക്കളുടെ ആരോപണം. ഭര്‍ത്താവിന്റെ മുന്നില്‍വച്ചു പോലും ഭര്‍തൃസഹോദരി ഷീനയെ മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.