ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ആണ് ജാഗ്രത ശക്തമാക്കിയത്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനുമാണു നിര്‍ദേശം.വാളയാര്‍ ഉള്‍പ്പെടെ 12 ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെയും നിയോഗിച്ചു.
വെറ്ററിനറി ഡോക്ടര്‍, വെറ്ററിനറി ഇന്‍സ്‌പെക്ടര്‍, 2 വെറ്ററിനറി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.