ഭക്ഷണത്തില്‍ വെറൈറ്റി കൊണ്ടുവന്ന് അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്ന പതിവ് ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കോംപിനേഷന്‍ ആയിരിക്കും അവര്‍ കൊണ്ടു വരിക. സ്‌പൈസി ആയുള്ള ഭക്ഷണത്തില്‍ ചോക്ലേറ്റും, വളരെ ക്രീമിയോ മധുരമുള്ളതോ ആയ ഭക്ഷണത്തില്‍ സ്‌പൈസിയായുള്ള വെറൈറ്റികള്‍ പരീക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ഓരോ ഭക്ഷണം ഹിറ്റാകുമ്പോള്‍, അല്ലെങ്കില്‍ കോംപിനേഷന്‍ ഹിറ്റാകുമ്പോള്‍ ആ ഭക്ഷണം ആഗ്രഹിച്ച് അതേ സ്ഥലങ്ങളിലേക്ക് പോകുന്നവരുണ്ട്. ചിലര്‍ പുതിയത് പുതിയത് പരീക്ഷിക്കാറുമുണ്ട്. ഓരോ ദിവസവും അത്തരത്തില്‍ പരീക്ഷിക്കുന്ന ഭക്ഷണങ്ങളുടെ ഇടയിലേക്കാണ് പുതിയൊരു കോംപിനേഷന്‍ എത്തുന്നത്. ബിരിയാണിയില്‍ ആണ് ഈ പുതിയ പരീക്ഷണം
ഐസ് ആപ്പിള്‍ ബിരിയാണി എന്നാണ് ഈ വിഭവത്തിന്റെ പേര്. ഹൈദരാബാദിലാണ് ഇത് പരീക്ഷിക്കപ്പെടുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററന്റ് ആണ് സമ്മര്‍ സ്പെഷല്‍ വിഭവമായി അവരുടെ മെനുവില്‍ ഐസ് ആപ്പിള്‍ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനംനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനംനൊങ്ക്.
ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിള്‍ കറിയും പുലാവും ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമിലെ 'hyderabadbucketlist' എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.