രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ ഹൈക്കോടതിയില്‍ നല്കിയ കേസ് ഹാരി രാജകുമാരന് തോറ്റു. തത്ഫലമായി ഹാരി രാജകുമാരനോട് കോടതി ചെലവുകള്‍ അടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്വന്തം നിയമ ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 1 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ ബില്ലാണ് ഇതോടെ രാജകുമാരനെ കാത്തിരിക്കുന്നത്. കേസില്‍ സമഗ്രമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നതിനാല്‍, നഷ്ടപരിഹാര തുക പകുതിയായി കുറക്കണം എന്ന ആവശ്യവും കോടതി നിരാകരിച്ചു. മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനും കോടതി അനുവാദം നല്‍കിയില്ല.
അതേസമയം, കേസ് തുടരാന്‍ താല്പര്യമുണ്ടെങ്കില് കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും. ഹോം ഓഫീസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇരട്ട വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും, മെഗാനും രാജകീയ ജീവിതത്തിന് കര്‍ട്ടനിട്ട ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്. 1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്.
കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫീസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് വിധിച്ചു. ഹോം ഓഫീസ് ചില നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വാദിക്ക് കേസ് നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ചാണ് 90% ഫീസും തിരിച്ചടയ്ക്കാന്‍ വിധിച്ചത്.