ഇംഗ്ലണ്ടിലെ ശിശുപരിപാലന സംവിധാനം പരാജയമാണെന്നും മറ്റ് ലോക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നാക്കാവസ്ഥയിലാണെന്നും ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള യുകെ ചാരിറ്റിയുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ശിശുസംരക്ഷണം പല മേഖലകളിലും പരാജയപ്പെടുകയാണെന്ന് ഫോസെറ്റ് സൊസൈറ്റി പറഞ്ഞു. താങ്ങാനാവാത്ത പരിചരണ ചിലവ്, ഗുണനിലവാരമില്ലായ്മ, പൊതു ചെലവിന്റെ അപര്യാപ്തത എന്നിവയാണ് ഇതിന് കാരമെന്നും ചാരിറ്റി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയ, കാനഡ, എസ്റ്റോണിയ, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈയിടെ പൂര്‍ത്തിയാക്കിയതോ അല്ലെങ്കില്‍ ഗവണ്മെന്റ് നേതൃത്വത്തിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകുന്നതോ ആയ എല്ലാ രാജ്യങ്ങളിലെയും ബാല്യകാല വിദ്യാഭ്യാസവും പരിചരണവും (ECEC) ചാരിറ്റി പരിശോധിച്ചതില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ ശിശു സംരക്ഷണം ശോചനീയമാണെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ ഇംഗ്ലണ്ടിലെ ശിശുസംരക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകള്‍ നല്കുന്നു. ചെറിയ കുട്ടികളുള്ള മാതാപിതാക്കളില്‍ മൂന്നിലൊന്ന് പേരും ശിശുപരിപാലനം താങ്ങാന്‍ പാടുപെടുകയാണെന്ന് സര്‍വേകള്‍ കണ്ടെത്തി.
സൗജന്യ ശിശുപരിപാലനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമല്ലെന്ന് നഴ്സറികള്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ കാല്‍ലക്ഷത്തോളം ചെറിയ കുട്ടികളുള്ള അമ്മമാര്‍ ജോലിയും ശിശുപരിപാലനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകള്‍ കാരണം ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം പ്രാബല്യത്തില്‍ വന്ന ഇംഗ്ലണ്ടിലെ ശിശുസംരക്ഷണ സംവിധാനത്തിലെ ഏറ്റവും പുതിയ മാറ്റം, സൗജന്യ സമയങ്ങളുടെ വിപുലീകരണമായിരുന്നു. ചില കുടുംബങ്ങള്‍ക്ക് ഇത് സ്വാഗതാര്‍ഹമാണെങ്കിലും, പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കില്ലെന്നും സിസ്റ്റത്തിലെ വിശാലമായ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും ഫോസെറ്റ് സൊസൈറ്റി പറഞ്ഞു.
രക്ഷാകര്‍തൃ അവധിയുടെ അവസാനം മുതല്‍ സ്കൂള്‍ പ്രായം വരെ എല്ലാ കുട്ടികള്‍ക്കും സൗജന്യ 'സാര്‍വത്രിക' ECEC പ്രൊവിഷനുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ചാരിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ വാദിക്കുന്നു. ദരിദ്രരായവര്‍ക്ക് അധിക സബ്സിഡികള്‍ നല്‍കിക്കൊണ്ട്, ജോലിചെയ്യുന്ന രക്ഷിതാക്കളുടെ മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും ഓഫര്‍ തുറന്നുകൊടുക്കുന്നതിന് നിലവിലുള്ള 'സൗജന്യ സമയം' വികസിപ്പിക്കുന്നതും വിപുലീകരിക്കുന്നതും ഉള്‍പ്പെടുന്നു.
നഴ്സറികള്‍ക്ക് ധനസഹായം നല്‍കാനും അവര്‍ക്ക് ലാഭകരമല്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിക്കാനും എല്ലാ കുട്ടികള്‍ക്കും പിന്തുണ നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.