ശനിയാഴ്ച ബ്രാഡ്ഫോര്‍ഡ് നഗരത്തില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 25 കാരനായ ഹബീബുര്‍ മാസും ഇരയായ കുല്‍സുമ അക്തറിന്റെ (27) ഭര്‍ത്താവ്. ഇയാളെ സഹായിച്ചു എന്ന സംശയത്തില്‍ മറ്റൊരു 23 കാരനും അറസ്റ്റിലായതായി വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് സ്ഥിരീകരിച്ചു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിലും, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലും 26, 28, 29 പ്രായത്തിലുള്ള മറ്റ് മൂന്നുപേര്‍ കൂടി വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഭാഗത്തു നിന്നും അറസ്റ്റിലായതായും പോലീസ് അറിയിച്ചു. ആക്രമ സംഭവം നടന്ന ഉടനെ തന്നെ മാസും ആണ് കൊലയാളി എന്നത് തിരിച്ചറിഞ്ഞിരുന്നു.
നേരത്തെ ബ്രാഡ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ഇയാളെ വെള്ളിയാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ റിമാന്‍ഡ് ചെയ്തു. ചാരനിറത്തിലുള്ള സ്വീറ്റ്ഷര്‍ട്ട് ധരിച്ച്, ആറ് മിനിറ്റ് നീണ്ട ഹിയറിംഗില്‍ തന്റെ പേരും പ്രായവും വിലാസവും സ്ഥിരീകരിക്കാന്‍ മാത്രമാണ് മസും സംസാരിച്ചത്.
ശനിയാഴ്ച രാവിലെ 15:21 ന് നഗരമധ്യത്തിലെ വെസ്റ്റ്ഗേറ്റിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയപ്പോഴാണ് 27 കാരിയായ അക്തറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ട് വഴിപോക്കരും, അടുത്തുള്ള കച്ചവടക്കാരും ഓടിയെത്തിയെങ്കിലും കുല്‍സുമിനെ ആക്രണത്തില്‍ നിന്നും രക്ഷിക്കാന്‍ ആയില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ആക്രമണത്തില്‍ അവളുടെ കുഞ്ഞിന് പരിക്കില്ല.
യുകെയില്‍ പഠിക്കുന്ന ഭര്‍ത്താവ് മസൂമിനൊപ്പം രണ്ട് വര്‍ഷം മുമ്പാണ് അവര്‍ ബംഗ്ലാദേശില്‍ നിന്ന് യുകെയില്‍ എത്തിയതെന്ന് അവരുടെ ബന്ധു അഫ്താബ് മിയ ബിബിസിയോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ബക്കിംഗ്ഹാംഷെയറിലെ എയ്ല്‍സ്ബറിയില്‍ വച്ചാണ് മസൂം അറസ്റ്റിലായത്.