വീടുകള്‍ പലതരത്തില്‍ പ്രശസ്തമാകാറുണ്ട്. പ്രേതാല വീടുകള്‍, ഏറ്റവും ചിലവില്‍ നിര്‍മ്മിച്ച വീടുകള്‍, ഏറ്റവും ചിലവ് കുറഞ്ഞ വീടുകള്‍, മികച്ച ഇന്റീരിയറോടെ പണിതിരിക്കുന്ന വീട് ഇങ്ങനെ പലതരത്തില്‍ ആണ് വീടുകള്‍ പ്രശസ്തമാകുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ കാര്യം കൊണ്ട് പ്രശസ്തമായ വീടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇറ്റലിയിലെ ഏറ്റവും ഇടുങ്ങിയ വീടായ 'കാസ കുറിവു' എന്ന വീടാണ് വാര്‍ത്തകളില്‍ നിറയുന്നത്. വീടിന്റെ പേര് കേള്‍ക്കുമ്പോള്‍ വലിയൊരു കുടുംബ വീടാണെന്നോ തറവാട്ട് വീടാണെന്നോ എല്ലാം തോന്നിയേക്കാം. പക്ഷെ സംഭവം അങ്ങനെ ഒന്നും അല്ല. സിസിലിയന് ഭാഷയില്‍ 'കാസ കുറിവു'വിന്റെ അര്‍ത്ഥം 'പ്രതികാരം' എന്നാണ്.
പക്ഷെ ഇതൊരു രസകരമായ പ്രതികാരമാണ്. പലേര്‍മോ പ്രവിശ്യയിലെ മഡോണി പര്‍വതനിരകളുടെ ഹൃദയഭാഗത്ത് ഏകദേശം 2,000 ആളുകളുള്ള പെട്രാലിയ സോട്ടാന, ഇറ്റലിയിലെ ഏറ്റവും അസാധാരണമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ലെങ്കില്‍ പോലും സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട് അനുഭവപ്പെടുന്നത്. അതും ഈ വീട് കാണാന്‍ വേണ്ടി മാത്രം.
ഏകദേശം 3-അടി, അല്ലെങ്കില്‍ ഒരു മീറ്റര്‍ മാത്രമാണ് വീതി. കാസ ഡു കുറിവു അല്ലെങ്കില്‍ ഹൗസ് ഓഫ് സ്പൈറ്റ് എന്നറിയപ്പെടുന്നു ഈ വീട്. രണ്ട് ആളുകള്‍ക്ക് പരസ്പരം കടന്നുപോകാന്‍ മതിയായ വീതിയില്ലാത്ത, ഒരു തര്‍ക്കത്തെത്തുടര്‍ന്ന് അയല്ക്കാരന്റെ ജനല്‍ കാഴ്ച തടയാന്‍ മാത്രമായി പണിത ഈ ഇടുങ്ങിയ കെട്ടിടം രസകരമായ കഥയിലൂടെ വളരുന്നു. കാസ ഡു കുറിവുവിന്റെ കൃത്യമായ കഥ ആളുകള്‍ മറന്നുപോയെങ്കിലും, രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 1950-കളില്‍ എപ്പോഴോ നിര്‍മ്മിച്ചതാണ് വിചിത്രമായ വീട് എന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത്, ആളുകള്‍ അവരുടെ താമസസ്ഥലം ലംബമായി വികസിപ്പിക്കുന്നത് അസാധാരണമായ കാര്യമല്ലായിരുന്നു. എന്നാല്‍ മറ്റൊരു ഫ്ലോര്‍ ചേര്ത്ത്അങ്ങനെ മുകളിലേക്ക് ഉയര്‍ത്തുന്നതിന് ഒരാള്‍ക്ക് അടുത്ത വീട്ടിലെ അയല്‍വാസികളുടെ സമ്മതം നേടേണ്ടതുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍, കാസ ഡു കുറിവുവിന്റെ ഉടമ തന്റെ അയല്‍ക്കാരില്‍ ഒരാളുടെ അംഗീകാരം നേടുന്നതില്‍ പരാജയപ്പെടുകയും പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ.
തൊട്ടടുത്ത കെട്ടിടത്തിന് രണ്ടാം നില പണിയുമ്പോള്‍ അയല്‍വാസികളുടെ സമ്മതം ആവശ്യമായിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ നിന്ന് ഒരു നിശ്ചിത അകലത്തില്‍ പണിയുന്നതിന് അനുവാദമൊന്നും ആവശ്യമില്ല, അതിനാല്‍ കാസ ഡു കുറിവുവിന്റെ ഉടമ തന്റെ ഏറ്റവും ഇടുങ്ങിയ വീട് അയല്ക്കാരന്റെ ജനലകാഴ്ച തടസ്സപ്പെടുത്താന്‍ വേണ്ടി നിര്‍മ്മിച്ചു. ഈ വീട്ടിന്റെ ഉള്ളില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയം. ചില ജനാലകളും ഒരു ഗോവണിപ്പടിയും മാത്രമാണ് ഇതിന്റെ സവിശേഷത. ഒരു അയല്‍വാസിക്ക് അസൗകര്യം ഉണ്ടാക്കാന്‍ വേണ്ടി മാത്രമായി നിര്‍മ്മിച്ചതാണ് ഇത് എന്ന് നിസംശയം പറയാന്‍ സാധിക്കും.