കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്.
ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ മരണം. അച്ഛന്റെ കൈയിലിരുന്ന കുഞ്ഞിനാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയായിരുന്നു. ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചമയവിളക്ക് മഹോത്സവം 23 ,24 തീയതികളില്‍ ആയിരുന്നു. പുരുഷന്മാര് സ്ത്രീ വേഷമണിഞ്ഞ് വിളക്കെടുക്കുന്ന ചമയവിളക്കില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് എത്തുന്നത്.
കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറയില്‍ ദേശീയപാതയോരത്തുള്ള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂര്‍വ്വ ഉത്സവം നടക്കുന്നത്. വര്‍ഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. അഭീഷ്ട കാര്യ സിദ്ധിയ്ക്കായിട്ടാണ് പുരുഷന്മാര് വ്രതം നോറ്റ് പെണ്‍വേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്നത്. ആണ് മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്ത്താക്കന്മാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവരും ഉണ്ട്.