രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം രവിചന്ദ്രന്‍ അശ്വിന് ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി. അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം കാരണം ആണ് ഉടന്‍ അനുമതി നല്‍കിയത്.
താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ടീം ഏറെ പ്രാധാന്യം നല്കുന്നുവെന്നു പറഞ്ഞ ബോര്‍ഡ് ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവിധ പിന്തുണയും ബോര്‍ഡ് ഉറപ്പുനല്‍കുന്നതായും അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും രാജ്യസഭാ അംഗവുമായ രാജീവ് ശുക്ല തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അസുഖബാധിതയായ മാതാവിനെ കാണാനും പരിചരിക്കാനുമായാണ് അശ്വിന് നാട്ടിലേക്കു മടങ്ങിയതെന്നാണ് ശുക്ലയുടെ എക്സ് പോസ്റ്റ് സൂചിപ്പിക്കുന്നത്.
രണ്ടാംദിനം അശ്വിന് ഓപ്പണൈര് സാക് ക്രൗളിയെ പുറത്താക്കിയതോടെയാണ് ടെസ്റ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകക്രിക്കറ്റിലെ ഒമ്പതാമനുമായത്. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റിലെത്തുന്ന രണ്ടാമനുമായി.