മൊറോക്കോയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 632 ആയി. 329 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 632 പേര് മരണപ്പെട്ടുവെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പകുതിയില്‍ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. 329 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 51 പേരുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
കനത്ത നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. അനേകം കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.അതേസമയം, മൊറോക്കന്‍ ഭൂകമ്പത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്കാന് ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമ കുറിപ്പില്‍ വ്യക്തമാക്കി.