ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികള്‍ നിശ്ചയിക്കും. വിമാന യാത്രക്കൂലി നിശ്ചയിക്കുന്നതില്‍ വിമാനക്കന്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചതോടെയാണ് ഇത്. ഉയര്‍ന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കുറച്ച് മറ്റ് വിമാന കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുന്നത് തടയാനും അമിത ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് ഒഴിവാക്കാനുമായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍.
നിലവില്‍ വിമാന കന്പനികളില്‍ പലതും വലിയ നഷ്ടം നേരിടുകയാണ്. നിയന്ത്രണം എടുത്തുകളഞ്ഞാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നാണ് കന്പനികള്‍ പറയുന്നത്. ഉയര്‍ന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി എടുത്തുകളഞ്ഞാല്‍ യാത്രക്കാര്‍ക്ക് ഡിസ്ക്കൗണ്ട് അനുവദിച്ച് കൂടുതല്‍ പേരെ വിമാനയാത്രയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും കന്പനികള്‍ പറയുന്നു.