കോട്ടയത്ത് കൂരോപ്പടയില്‍ വന്‍കവര്‍ച്ച. വീട് കുത്തി തുറന്ന് 45 പവന് സ്വര്‍ണവും 90000 രൂപയും കവര്‍ന്നു. പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാല്‍ കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് വന്‍ മോഷണം നടന്നത്. ഇന്നലെ വൈകിട്ടു നാലിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ കൈയില്‍നിന്നു വീണെന്നു കരുതപ്പെടുന്ന നിലയില്‍ രണ്ടര പവന് സ്വര്‍ണം പുരയിടത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ലഭിച്ചു.
ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ പല മുറികളിലെയും അലമാരകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അടുക്കള വാതില്‍ തകര്‍ത്താണു മോഷ്ടാവ് അകത്തുകടന്നത്.
മോഷ്ടാക്കള്‍ വീടു മുഴുവന്‍ മുളകുപൊടി വിതറിയശേഷമാണ് രക്ഷപ്പെട്ടത്. ഫാ.ജേക്കബ് നൈനാന്റെ മുറിയിലെ അലമാര തകര്‍ത്തു സ്വര്‍ണവും പണവും കവരുകയും മറ്റു സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്ത നിലയിലാണ്.
സംഭവസ്ഥലത്തു പരിശോധന നടത്തിയ പാമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു. മോഷ്ടാവ് സമീപത്തെ പുരയിടത്തില്‍കൂടി ഓടി രക്ഷപ്പൈട്ടന്ന നിഗമനത്തിലാണു പോലീസ്.
മോഷണത്തെതുടര്‍ന്ന് പോലീസിനെതിരേ ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശത്ത് ചില വീടുകളില്‍ മോഷണശ്രമങ്ങള്‍ നടന്നിരുന്നു. ഈവിവരം പാമ്പാടി പോലീസിനെ അറിയിച്ചെങ്കിലും സ്ഥലത്ത് പരിശോധന നടത്താന്‍പോലും പോലീസ് തയ്യാറായില്ലന്നും നാട്ടുകാര്‍ പറയുന്നു.