രാജ്യത്ത് ബാങ്ക പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്കിന്റെ വായ്പ അവലോകന നയം. റിപ്പോ നിരക്ക് 50 പോയിന്റ് ഉയര്‍ത്തി 5.40 ശതമാനമാക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായിട്ടാണ് മൂന്നാം ഘട്ട പലിശ വര്‍ദ്ധനവ് നടപ്പിലാക്കുന്നത്.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭഗമായി സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.65ശതമാനമായും പരിഷ്കരിച്ചിട്ടുണ്ട്. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.
ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.
കാറ്റഗറി-1 അംഗീകൃത ഡീലര്‍മാര്‍ക്ക് അനുവദനീയമായ എല്ലാ ഫോറെക്സ് മാര്‍ക്കറ്റ് നിര്‍മ്മാണ സൗകര്യങ്ങളും സ്റ്റാന്‍ഡലോണ്‍ പ്രൈമറി ഡീലര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
ഭക്ഷ്യ എണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. കരുതല്‍ കറന്‍സികളേക്കാളും ഏഷ്യന്‍ കറന്‍സികളേക്കാളും രൂപ മെച്ചപ്പെട്ടതായി ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ മാക്രോ അടിസ്ഥാന ഘടകങ്ങളിലെ ഏതെങ്കിലും ബലഹീനതയെക്കാള്‍ ഡോളറിന്റെ ശക്തിയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. രൂപയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.