വാഹനാപകടക്കേസില്‍ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി പൊന്‍ മേരി പറമ്പില്‍ സജീവന് (42) ആണ് മരിച്ചത്.
സജിവനെ വാഹനാപകടക്കേസില്‍ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വടകര സ്റ്റേഷനില്‍ എത്തിച്ച ശേഷവും എസ്.ഐ ഉള്‍പ്പടെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. മദ്യപിച്ചെന്ന പേരില്‍ മര്‍ദ്ദിച്ചെന്നും സജീവന് സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞ് വീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളം ഉണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. സജീവനൊപ്പം മര്‍ദനം ഏറ്റെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ആരോപിക്കുന്നു. സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന് നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ഇരുപത് മിനുറ്റോളം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവിടുന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞ് വീണു.
പുലര്‍ച്ചെ 2.30ന് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു.
ഏറെ നേരമായി പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആരോപിച്ചു. എന്നാല്‍, കസ്റ്റഡിയിലിരിക്കെ അല്ല സജീന് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു.