ശരീരികമായി പീഡിപ്പിക്കുന്നത് മാത്രമല്ല പീഡനം എന്ന് തെളിഞ്ഞിരിക്കുകയാണ് യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍. ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നതും ലൈംഗിക അധിക്ഷേപത്തില്‍ പെടുമെന്നാണ് യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ പറയുന്നത്. ഈ വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. വെസ്റ്റ് യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിന് എന്നയാള്‍ നല്കിയ കേസിലാണ് തീരുമാനം.
കേസിനാസ്പദമായ സംഭവം ഇങ്ങനെ ടോണി ഫിന് ബ്രിട്ടീഷ് ബംഗ് കമ്പനിയില്‍ 24 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. 2021 മെയ് മാസത്തില്‍ ജോലിയില്‍ നിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. 2019 ലെ ഒരു തര്‍ക്കത്തിനിടെ ഫാക്ടറി സൂപ്പര്‍വൈസര്‍ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെ താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി അദ്ദേഹം പരാതിപ്പെട്ടു. സംസാരം മോശമായപ്പോള്‍ മണ്ടന്‍, കഷണ്ടി എന്ന് വിളിക്കാന്‍ തുടങ്ങി.
ജഡ്ജി ജോനാഥന് ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലിനോട് ഒരാളെ കഷണ്ടി എന്ന് വിളിക്കുന്നത് അപമാനമാണോ അതോ ഉപദ്രവിക്കലാണോ എന്ന് വിധിക്കാന്‍ ആവശ്യപ്പെട്ടു. വിധിന്യായത്തില്‍, ഒരു വശത്ത് 'കഷണ്ടി' എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്നും വിധിയില്‍ പറയുന്നു.
കഷണ്ടി സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ ഒരാളെ വിവരിക്കാന്‍ ഇത് ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണെന്ന് ട്രിബ്യൂണലിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞു.