വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലാദള്‍ അമ്മ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയാണ്. അമ്മയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെയും പുറം ലോകം അറിഞ്ഞിരുന്നു. ഇപ്പോഴിതാ മാതൃദിനത്തില്‍ ഇഡ്ഡലിയമ്മയ്ക്ക് ഒരു സ്നേഹസമ്മാനം ഒരുക്കിയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ കമലാദള്ളിന്റെ കഥ അറിഞ്ഞ ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് വീടും പുതിയ കടയും വച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ ഉറപ്പാണ് ഈ മാതൃദിനത്തില്‍ സഫരീകരിച്ചത്. 'മറ്റുള്ളവര്‍ക്ക് സന്തോഷമേകാന്‍ ജീവിതം മാറ്റിവച്ചൊരാള്‍ക്ക് അല്പം സന്തോഷമേകാന്‍ സാധിക്കുന്നതിലും വലിയ സന്തോഷമില്ല', എന്ന് കുറിച്ചാണ് പുതിയ വീടിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.
തമിഴ്നാട്ടിലെ ദരിദ്ര ഗ്രാമമായ വടിവേലംപാളയത്ത് തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികള്‍ ഉണ്ട്. ഇവരില്‍ പലരും കൂലി മിച്ചം പിടിക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതറിഞ്ഞാണ് കമലാദള്‍ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്ബാറും ചട്ണിയും വിതരണം ചെയ്യാന്‍ തുടങ്ങിയത്. മുപ്പതുവര്‍ഷം മുമ്പ് തുടക്കമിട്ട ഈ രീതിക്ക് ഇപ്പോഴും മാറ്റമില്ല. കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാല്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാന്‍ മാറ്റിവെക്കാമല്ലോ എന്നാണ് ഈ അമ്മ ചോദിക്കുന്നത്.
ഒരിക്കല്‍ സ്വന്തമായി ഒരു വീടു വേണം എന്ന ആഗ്രഹം ഇഡ്ഡലി അമ്മ പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിര്‍മ്മിച്ച് നല്‍കുകയുമായിരുന്നു.