ലോകത്ത് വെച്ച് ഏറ്റവും കാലുകള്‍ ഉള്ള ജീവി ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം തേരട്ട എന്നാണ്. തേരട്ടയ്ക്ക് 750കാലുകള്‍ ഉണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍.
ഇപ്പോഴിതാ അതിനേക്കാളേറെ കാലുകള്‍ ഉള്ള തേരട്ടയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഓസ്ട്രേലിയയില്‍ ആണ് അപൂര്‍വ്വയിനം തേരട്ടയെ കണ്ടെത്തിയത്. 1306 കാലുകളാണ് ഇവയ്ക്കുള്ളത്.
ഇതിനോടകം, 13,000 ഇനം തേരട്ടകളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാലുകളുടെ എണ്ണം ഇത്രയധികമുള്ള വിഭാഗത്തെ ആദ്യമായാണ് കണ്ടെത്തുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഖനിയില്‍ നിന്നാണ് കണ്ടെത്തല്‍. 'യൂമില്ലിപെസ് പെര്‍സെഫണ്‍' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. പത്ത് സെന്റി മീറ്ററോളം നീളവും ഒരു മില്ലി മീറ്ററില്‍ താഴെ വീതിയുമാണ് ഈ ഇനത്തിലെ പെണ് വര്‍ഗത്തില്‍പ്പെട്ട തേരട്ടയ്ക്കുള്ളത്. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗം കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്.
ഈ ഇനത്തില്‍പ്പെടുന്ന പെണ് തേരട്ടകള്‍ക്കാണ് ആണ് തേരട്ടകളെക്കാള്‍ കൂടുതല്‍ കാലുകള്‍ ഉണ്ടാകുകയെന്നും ഗവേഷകര്‍ പറഞ്ഞു. മണ്ണിനടിയില്‍ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകള്‍. വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.