കാന്‍ബെറ: റോഡുകള്‍ എങ്ങും ചുവപ്പ് മയം. റോഡുകളിലൂടെ ചുവപ്പുപടകള്‍ ഒരുമിച്ച് ചലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാം അത് എല്ലാം ചുവന്ന ഞണ്ടുകളാണ്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ആണ് ഇപ്പോള്‍ ഈ ഞണ്ടുകളുടെ കുടിയേറ്റത്തിന് സാക്ഷിയാകുന്നത്.
ദ്വീപില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ഞണ്ടുകളാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ പാലങ്ങളിലൂടെയും നീങ്ങുന്നത്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളില്‍ ഒന്നാണിത്. കാലുകുത്താന്‍ പോലും സ്ഥലമില്ലാതെ പ്രദേശങ്ങളെല്ലാം ഞണ്ടുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
വടക്കു പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വര്‍ഷവും ഞണ്ടുകളുടെ കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകള്‍ വനത്തില്‍ നിന്നും സുദ്രത്തിലേക്ക് മുട്ടയിടാനായി പോകുന്നത്. ഏകദേശം 50 ദശലക്ഷം ഞണ്ടുകള്‍ ഇത്തരത്തില്‍ സമുദ്രത്തിലേക്ക് പുറുപ്പെടുന്നുണ്ട്.
റോഡുകളും പാര്‍ക്കുകളുമെല്ലാം ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ കാഴ്ച്ചകാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. ചിലപ്പോള്‍ കെട്ടിടത്തിന് മുകളിലും കതകിലും വീടിന്റെ വരാന്തയിലും വാഹനത്തിലുമെല്ലാം അവയെക്കാണാം. അതിനാല്‍ തന്നെ ഞണ്ടുകള്‍ വീട്ടില്‍ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ദ്വീപ് നിവാസികളെടുക്കാറുണ്ട്.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഞണ്ടുകള്‍ക്ക് സുരക്ഷിതമായി കടന്നു പോകാന്‍ പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആ സമയത്ത് കാറുകള്‍ റോഡിലിറക്കാന്‍ അനുവാദമില്ല. റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ഞണ്ടുകളുടെ ഈ കുടിയേറ്റക്കാഴ്ച്ച കാണാന്‍ വിനോദ സഞ്ചാരികളും എത്താറുണ്ട്.