എഐ വഴി നിര്‍മ്മിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്റായിക്കൊണ്ടിരിക്കുകയാണ്. ഒറിജിനല്‍ തന്നെയാണോ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലാണ് ഓരോന്നും. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോകള്‍ക്കും തിരിച്ചടിയാകുന്ന തരത്തിലുള്ള പുതിയ തീരുമാനവുമായി വരികയാണ് മെറ്റ.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എ.ഐ നിര്‍മിത ഇമേജുകളെ തിരിച്ചറിയാന്‍ പ്രത്യേകം ലേബല്‍ ചെയ്യുമെന്നാണ് മാതൃകമ്പനിയായ മെറ്റ അറിയിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തിലൂള്ള നീക്കവുമായി എത്തിയിട്ടുള്ളത്.
സൈബര്‍ ലോകത്ത് നിര്‍മിത ബുദ്ധിയുടെ ഇടപെടല്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാഥാര്‍ഥ്യവും നിര്‍മിതവും വേര്‍തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബല്‍ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.