എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പത്ത് ലി?റ്റര്‍ ചാരായവുമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം പ്രസിഡന്റുമായ വനിതാ നേതാവും അമ്മയും സഹോദരനും പിടിയില്‍. ഇടപ്പനയം അമ്മു നിവാസില്‍ അമ്മു (25), മാതാവ് ബിന്ദു ജനാര്ദ്ദനന് (45), സഹോദരന് അപ്പു (23) എന്നിവരാണ് പിടിയിലായത്.
റെയ്ഡിനായി വന്ന വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ പിതാവ് ജനാര്ദനന് (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന് വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകര്‍ക്കുകയും ചെയ്ത ഇവരെ ഏറെ നേരത്തെ മല്‍പ്പിടുത്തതിന് ശേഷമാണ് കീഴ്പ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ബിന്ദുവിന്റെ പേരില്‍ നേരത്തേയും അബ്കാരി കേസുണ്ട്. കാലങ്ങളായി ചാരായംവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനെതിരേ നിരന്തര പരാതികളും ലഭിച്ചിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ ബന്ധം മറയാക്കിയായിരുന്നു കച്ചവടമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ഇവര്‍ ആക്രമിക്കുക പതിവാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നേരത്തേയും ഇവര്‍ക്കെതിരേ ശൂരനാട് പോലീസ് കേസെടുത്തിട്ടുണ്ട്.
കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്തെത്തിയ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് പറഞ്ഞു. എക്സൈസ് സംഘത്തെ ആക്രമിച്ച ജനാര്‍ദനനും കൂട്ടുപ്രതികളും സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. ഇവരെ ഉച്ചയോടെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
യുവ വനിതാ നേതാവിന്റെ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വില്പനശാലയാണ്. സുസൂരി ബാര്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗ്ലാസുകളില്‍ പകര്‍ന്നും കുപ്പികളിലാക്കിയുമാണ് വില്പന നടത്തിയിരുന്നത്. 750 മില്ലി ചാരായത്തിന് 1000 മുതല്‍ 1500 രൂപ വരെ ഈടാക്കിയിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലായിരുന്നു വില്പന. ബാറിനെക്കുറിച്ച് സൂചന ലഭിച്ച എക്സൈസ് ഷാഡോ സംഘം ദിവസങ്ങളായി ഇവരെ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ മിന്നല്‍ പരിശോധന നടത്തുകയുമായിരുന്നു.