തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ആദം അലിയെ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊളീജിയറ്റ് എഡ്യുക്കേഷന്‍ റിട്ട. ഉദ്യോഗസ്ഥ രക്ഷാപുരി റോഡ് മീനംകുന്നില്‍ ദിനരാജിന്റെ ഭാര്യ മനോരമയാണ് (68) കൊല്ലപ്പെട്ടത്. ചെന്നൈ എക്പ്രസില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് പ്രതി തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ കോളേജ് സി.ഐയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.
സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളാണ് കൊലപാതകിയെന്ന് ഉറപ്പിച്ച സിറ്റി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന്റെയും അലര്‍ട്ട് മെസേജുകളുടെയും അടിസ്ഥാനത്തിലാണ് പിടിയിലായത്. കൊലയ്ക്കുശേഷം ട്രെയിന്‍മാര്‍ഗമാണ് ഇയാള്‍ ചെന്നൈയിലെത്തിയത്.മനോരമയുടെ മാലയും വളകളും കമ്മലും ഉള്‍പ്പെടെ ഏഴ് പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതി കവര്‍ച്ച ചെയ്തുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ദിനരാജ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച അറുപതിനായിരം രൂപയും കവര്‍ന്നുവെന്ന് കരുതിയിരുന്നെങ്കിലും വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അലമാരയില്‍ നിന്ന് കണ്ടെത്തി. ഹാംഗറില്‍ തൂക്കിയിരുന്ന ദിനരാജിന്റെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം മനോരമയാകാം അലമാരയിലേക്ക് മാറ്റിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നോടെ മനോരമയെ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. കൊളീജിയറ്റ് എഡ്യുക്കേഷന്‍ റിട്ട. ഉദ്യോഗസ്ഥനായ ദിനരാജ് ഞായറാഴ്ച വര്‍ക്കലയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. മനോരമ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകള്‍ വിവാഹശേഷം പരവൂരിലാണ്.
സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ജോലിക്കായി രണ്ടാഴ്ച മുമ്പാണ് ഇയാള്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് അന്യസംസ്ഥാനത്തൊഴിലാളികളെ പൊലീസ് കസ്റ്രഡിയിലെടുത്തിരുന്നു. അടഞ്ഞുകിടന്ന വീട്ടിലെ സിസി ടിവിയില്‍ നിന്ന് ഇയാള്‍ മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങള്‍ പൊലീസ് കിട്ടി. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് പ്രതി പബ്ജി ഗെയിമില്‍ തോറ്റ ദേഷ്യത്തില്‍ തന്റെ തന്നെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചിരുന്നു.