നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറകട്റേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജാരായി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്. ഇവര്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് എ ഐ സി സി ആസ്ഥാനത്തിന് മുന്നിലുണ്ടായത്. പ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ പൊലീസ് ശ്രമം തുടരുകയാണ്.
അതേസമയം കോണ്‍ഗ്രസ് എംപിമാരും പ്രവര്‍ത്തകരും നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ഇഡി വേട്ടയാടുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ആസ്ഥാനത്തു പ്രതിഷേധിച്ച എംപിമാരെയും അറസ്റ്റ് ചെയ്തു.
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ജൂണ്‍ 8 ന് ഹാജരാകാന്‍ ഗാന്ധിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവര്‍ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഹാജരായിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ജൂണ്‍ 12 നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 20ന് സോണിയയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ കേസില്‍ മകനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസത്തിനിടെ 54 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.