യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെര്‍വറുകള്‍ ചൈന ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ സര്‍വറുകളാണ് പ്രധാനമായും ഹാക്കിങ്ങിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. നിലവില്‍ സായുധ സേനയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉള്‍പ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോള്‍ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഡാറ്റ നീക്കം ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസിയും സ്‌കൈയും പറയുന്നു.
ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിന് ഇരയായി എന്ന് വിശ്വസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്യും. അവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടോ അതോ ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ക്ക് ഒരു വ്യക്തിഗത ഡാറ്റ സംരക്ഷണ സേവനം ഉപയോഗിക്കാനാകും.
രണ്ടോ മൂന്നോ ഹാക്കിങ്ങ് ശ്രമങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിലവില്‍ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങള്‍ അടങ്ങിയ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെര്‍വറുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഓഫ് ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്ന് കോമണ്‍സില്‍ എംപിമാരെ അറിയിക്കും. ബാങ്ക് വിശദാംശങ്ങളും ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ പേരുകളും പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ശമ്പള വിതരണത്തിനെ ഇത് ബാധിക്കില്ല.
സമീപ നാളുകളായി നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കാണ് യുകെ വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സൈബര്‍ ഹണി ട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരും കുടുങ്ങിയ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് യുകെയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശത്രു ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തും.