അച്ഛനെ പോലെ മകനും ആകുമോ എന്ന പേടികൊണ്ട് മകനെ അമ്മ കൊലപ്പെടുത്തി. രണ്ടു വയസ്സുള്ള കുഞ്ഞിനാണ് അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. കാന്തല്ലൂരില്‍ ആണ് സംഭവം.
മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് അറസ്റ്റ് ചെയ്തത്. വിഷം ഉള്ളില്‍ചെന്ന് അത്യാസന്ന നിലയിലായ രണ്ടുവയസുകാരന് നീരജിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുന്ന ഭര്‍ത്താവിനെ കണ്ടാണ് മകന് വളരുന്നതെന്നും, മുതിര്‍ന്നാല്‍ മകനും അച്ഛനെപ്പോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നല്‍കിയതെന്നുമാണ് ശെല്‍വി മൊഴി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി കലഹിച്ചിരുന്നു.
കഴിക്കാനെടുത്ത ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന് ചേര്‍ത്താണ് ശെല്‍വി നീരജിന് കൊടുത്തത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ഇവരുടെ മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു. വിഷത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ അയല്‍വാസികള്‍ വീട്ടിലേത്തി പരിശോദിക്കുകയായിരുന്നു. വിഷം ചേര്‍ന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് നാട്ടുകാര്‍ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ശെല്‍വി പറഞ്ഞു.