ന്യൂഡല്‍ഹി : വീണ്ടും യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലിയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ അര്‍ഫത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലേവ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടി 2023ലാണ് അര്‍ഫത്ത് യു.എസില്‍ വന്നത്. പക്ഷെ കഴിഞ്ഞ മൂന്നാഴ്ചയായി അര്ഫത്തിനെക്കുറിച്ച് വിവരമൊന്നും ലഭിക്കുന്നില്ലായിരുന്നു.
''തെരച്ചില്‍ നടത്തിക്കൊണ്ടിരുന്ന മുഹമ്മദ് അര്‍ഫത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഏറെ വിഷമത്തോടെ അറിയിക്കുന്നു. അര്‍ഫത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കും''-ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.
2024 ല്‍ യു.എസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ആളാണ് മുഹമ്മദ് അര്‍ഫത്ത്. മരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. തുടര്‍ച്ചയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് വിദ്യാര്‍ഥികളിലും അവരുടെ കുടുംബത്തിലും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു.എസിന്റെ കണക്ക് അനുസരിച്ച് 2022-2023 വര്‍ഷത്തില്‍ 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇവിടേക്ക് കുടിയേറിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 35 ശതമാനം വര്‍ധനയാണ് ഇത്തവണ വന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.