തൊടുപുഴ : ഭക്ഷണത്തില്‍ നിന്നും ഉണ്ടായ അലര്‍ജി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് അലര്‍ജി കാരണം മരിച്ചത്. സ്വകാര്യ കണ്ണട വില്പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു നിഖിത. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജി ഉണ്ടാവാന്‍ കാരണമെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. അലര്‍ജി കൂടുതല്‍ മൂര്‍ച്ഛിച്ചതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് ഇതിന് മുന്‍പും ഇതേപോലെ അലര്‍ജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. കഴുത്തിന് നീര് ഉണ്ടായി ശ്വാസതടസമുണ്ടായി രക്തസമ്മര്‍ദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെന്റിലേറ്ററിലേക്ക് മാറ്റുകയും തുടര്‍ന്ന് രാത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. നിഖിതയുടെ സഹോദരന് ജിഷ്ണു നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയില്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ചൊവ്വ പകല്‍ 11ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.