ഇന്ത്യന്‍ സംസ്ക്കാരത്തില്‍ ഭാര്യവീട്ടില്‍ കഴിയുന്ന ഭര്ത്താക്കന്മാരെ കുറിച്ച് പൊതുവേ ഒരു മോശം അഭിപ്രായമാണ് ഉള്ളത്. അത്തരം ആളുകളെ പല പേരുകളിലും കളിയാക്കാറുണ്ട്. എന്നാല്‍ ഭാര്യവീട്ടില്‍ കഴിയുന്നവരെ ബഹുമാനത്തോടെ കാണുന്ന ഒരു ഗ്രാമമുണ്ട്.
ഉത്തര്‍പ്രദേശിലെ ജമൈപുര എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകില്ല. ഭര്ത്താക്കന്മാരാണെങ്കില് വിവാഹം കഴിഞ്ഞ് ഭാര്യ വീട്ടില്‍ സുഖമായി ജീവിക്കുകയും ചെയ്യും.
ഭാര്യയുടെ അച്ഛനോടും അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം ആണ് വരന് താമസിക്കുക. സ്വതവേ ഭാര്യവീട്ടില്‍ താമസിക്കുന്ന പുരുഷന്മാരോട് സമൂഹത്തിന് മതിപ്പിത്തിരി കുറവാണ്. എന്നാല്‍ ജമൈപുര എന്ന ഈ ഗ്രാമത്തില്‍ അങ്ങനെയുള്ള ഒരു പ്രശ്നങ്ങളുമില്ല. ഇവിടെ ഇതാണ് രീതി.
ബാഗ്പത്തിലെ ഖേക്ര നഗരത്തിനുള്ളിലാണ് ജമൈപുര. 37 വര്‍ഷം മുമ്പ് ഖേക്ര പട്ടണത്തില്‍ നിന്നും പെണ്മക്കളെ വിവാഹം കഴിഞ്ഞ് നാല് കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസമാക്കി. അതോടെയാണ് ഇവിടെ ഒരു ഗ്രാമമുണ്ടായി വരുന്നത്. തുടക്കത്തില്‍ ജമൈപൂരെന്ന് വിളിക്കപ്പെട്ട പ്രദേശം ക്രമേണ 'ജമൈപുര' എന്ന് പേര് നേടുകയായിരുന്നു. ഇവിടെ താസിക്കുന്നവരെ 'ജമൈസ്' എന്നാണ് വിളിക്കുന്നത്. ഇവിടെ പിന്നീട് അഞ്ഞൂറോളം കുടുംബങ്ങള്‍ താമസായി. ഗ്രാമം വികസിപ്പിച്ചെങ്കിലും പെണ്മക്കളെ വിവാഹം കഴിക്കുന്നവര്‍ തങ്ങളോടൊപ്പം തന്നെ താമസിക്കുക എന്ന പാരമ്പര്യം അവര്‍ കൈവിട്ടില്ല.