ന്യൂജെഴ്സി / ചിക്കാഗോ : കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരന് പോള്‍ സഖറിയ ഒന്നാം പാദം ന്യൂജെഴ്സില്‍ ഉദ്ഘാടനം ചെയ്യ്തു.
2023 മേയ് 27ന് ചിക്കാഗോയിലാണ് അല ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോണ്‍സിന്‍ ചാപ്റ്ററുകളാണ് സംഘാടകര്‍. ചിക്കാഗോയില്‍ നടക്കുന്ന അല ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്റെ എഴുത്തുകാരായ പോള്‍ സഖറിയ (സഖറിയ), ബെന്യാമിന്, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരന്‍ കതിരവന്‍ എന്ന തൂലികാനാമത്തില്‍ പ്രശസ്തനായ ശ്രീധരന് കര്‍ത്ത എന്നിവര്‍ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകള്‍ കഥകളി ഉള്‍പ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും.
മെയ് 27ന് പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആര്‍ട്സ് സെന്ററിലെ പ്രത്യേക വേദിയിലാണ് അല ലിറ്റററി ഫെസ്റ്റിവലിന്റെ രണ്ടാം പാദം. സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയില്‍ മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരന് സഖറിയ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന വിഷയത്തില്‍ സംവദിക്കും. ഇതിനെത്തുടര്‍ന്ന് ആടുജീവിതത്തിന്റെ കഥാകാരന് ബെന്യാമിന് 'മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും' കുറിച്ച് സംസാരിക്കും.
സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കും. ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന ശീര്‍ഷകത്തില്‍ എതിരന്‍ കതിരവന്‍ വിഷയാവതരണം നടത്തും. സംഭാഷണ പരമ്പരയില്‍ പ്രിയ ജോസഫ്, ഷിജി അലക്സ്, അനിലാല്‍ ശ്രീനിവാസന്, മധു ബാലചന്ദ്രന് എന്നിവര്‍ ചര്‍ച്ചകളുടെ മോഡറേറ്ററന്മാരാകും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി ചിക്കാഗോയിലെ മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന കലാവിരുന്നില്‍ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), മല്‍ഹാര്‍ ഡാന്‍സ് സ്കൂളിലെ കലാകാര്‍ അവതരിപ്പിക്കുന്ന നൃത്തരൂപം ( അലര്‍ശര പരിതാപം) എന്നിവക്ക് പുറമെ ടീം ഗുങ്കുരുവിന്റെ നൃത്തനാടകാവിഷ്കാരം 'സത്യഭാമ' അരങ്ങിലെത്തും.
സാഹിത്യോത്സവത്തോട് അനുബന്ധമായി മലയളിയുടെ പ്രിയങ്കരനായ സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന രീതിയില്‍ തയ്യാറക്കുന്ന ബഷീര്‍ കോര്‍ണര്‍, പ്രശസ്ത എഴുത്തുകാരുടെ 400ല്‍ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാള്‍, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോര്‍ണര്‍ എന്നിവയും സജ്ജീകരിക്കും. ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ മുന്‍പേ തന്നെ ഓര്‍ഡര്‍ ചെയ്ത്, എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയുള്ള പുസ്തകങ്ങള്‍ കരസ്തമാക്കാനും അവസരമുണ്ട്.
ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്ക്കായിചിത്രരചന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്