കുവൈറ്റില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്.ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയില്‍ കുവൈറ്റില്‍ പലയിടത്തും വെള്ളക്കെട്ട് കണ്ടത്. ഇതോടെ നിരവധി പ്രധാന റോഡുകള്‍ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫര്‍വാനിയ, ഹവല്ലി, കേപിറ്റല്‍, ജഹ്‌റ ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്ന റോഡുകളാണ് അടച്ചത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, കുവൈറ്റില്‍ അര്‍ദ്ധരാത്രിയോടെ മര്‍ദ്ദം ഉയര്‍ന്ന് മൂടല്‍മഞ്ഞ് കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുമെന്നും ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്ക് കാരണമാകുമെന്നും കടല്‍ തിരമാലകള്‍ 7 അടിയിലധികം ഉയരുമെന്നും അബ്ദുല്‍ അസീസ് അല്‍ ഖറവി പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകല്‍ ഊഷ്മളമായ താപനിലയും രാത്രി തണുപ്പും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.