ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്റെ വിരമിക്കല്‍ പ്രായം 68 വയസ്സായി ഉയര്‍ത്താന്‍ ഗവണ്മെന്റിന്റെ രഹസ്യപദ്ധതിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചിലെ ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രഖ്യാപിക്കുമെന്നാണ് സൂചന. 2035 എത്തുന്നതോടെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് 68 വയസ് വരെ ജോലി ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1970-കള്‍ മുതല്‍ ജനിച്ചവരെയാണ് ഇത് ബാധിക്കുക. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും 'തീകൊണ്ട്' കളിക്കുകയാണെന്ന് ബാക്ക്ബെഞ്ച് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവിലെ വിരമിക്കല്‍ പ്രായമായ 66-ല്‍ നിന്നും 2028-ല്‍ 67-ലേക്കും, 2046-ല്‍ 68 ലേക്കും ഉയര്‍ത്താനായിരുന്നു മുന്‍ പദ്ധതി. എന്നാല്‍ ഈ തീയതി മന്ത്രിമാര്‍ 2035-ല്‍ കൊണ്ടുവരാനാണ് പദ്ധതി. ഇതോടെ ഇപ്പോള്‍ 54 വയസ് മുതല്‍ പ്രായമുള്ള ആളുകളെ ഇത് ബാധിക്കും. തന്റെ ബജറ്റില്‍ ഈ പദ്ധതി പ്രഖ്യാപിക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. പെന്ഷന് പ്രായം 2042-ല്‍ ഉയര്‍ത്തുന്നതാണ് ഉചിതമെന്ന വാദമാണ് ഇദ്ദേഹം ഉയര്‍ത്തുന്നത്.