ശമ്പള വര്‍ദ്ധനവ് തേടി എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ക്ക് പിന്നാലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് പണിമുടക്കുകളില്‍ പുതുതായിപങ്കാളികളാകുന്നത്. ഫെബ്രുവരി 7-ന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന് പ്രഖ്യാപനം. ഇതേ ദിവസം ഫിസിയോതെറാപ്പിസ്റ്റുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 7ന് സമരം നടത്തുമെന്ന് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി അറിയിച്ചു. വെയില്‍സ് എന്‍എച്ച്എസിലെ 1500 ഫിസിയോതെറാപ്പി ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്നതാണ് സിഎസ്പി.
ജോലിക്കാര്‍ക്കിടയിലെ ശക്തമായ അഭിപ്രായം തിരിച്ചറിയുന്നതായി വെയില്‍സ് ഗവണ്മെന്റ് പറഞ്ഞു. പ്രസവവേദന അനുഭവിക്കുന്നതും, എമര്‍ജന്‍സി പരിചരണം ആവശ്യമായതുമായ സ്ത്രീകളെ പണിമുടക്ക് ബാധിക്കില്ലെന്ന് ആര്‍സിഎം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് നല്‍കാമെന്ന് ആരോഗ്യ മന്ത്രി എലുനെഡ് മോര്ഗന് നിര്‍ദ്ദേശം മുന്നോട്ട് വെച്ച ശേഷമാണ് പണിമുടക്ക് പ്രഖ്യാപനം.
അടുത്തമാസം, ഫെബ്രുവരി 6 നും 7 നും നഴ്സുമാര്‍ വീണ്ടും പണിമുടക്കാനിരിക്കുകയാണ്. കഴിഞ്ഞ സമരത്തില്‍ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ ഈ സമരങ്ങളില്‍ പങ്കെടുക്കുമെന്ന് അറിയുന്നു.