നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ സമരവും കോവിഡ് മഹാമാരിയും എല്ലാം ചേര്‍ന്ന് എന്‍എച്ച്എസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ക്യാന്‍സര്‍ രോഗബാധിതയായിരുന്ന 79 കാരിക്ക് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഡാര്ലിംഗ്ടണിന് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മണിക്കൂറുകളോളം ആണ് കാത്തിരിക്കേണ്ടി വന്നത് ഇതില്‍ ഏറ്റവും പുതിയ സംഭവം.
ബെറില്‍ ഹാന്‍കിന്‍ എന്ന വയോധികയ്ക്ക് 11 മണിക്കൂര്‍ ആണ് ഡോക്ടറെ കാണാന്‍ കാത്തിരിക്കേണ്ടി വന്നത്. അവധി ദിവസങ്ങളില്‍ മതിയായ ജീവനക്കാരുടെ അഭാവത്തില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കേണ്ടി വരുന്നതില്‍ അസ്വാഭാവികതയില്ലെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബെറില്‍ ഹാന്‍കിന്‍ പറഞ്ഞത്.
രോഗികളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും മൂലം ശരിയായ സേവനം ജനങ്ങള്‍ക്ക് നല്കാന് വളരെയേറെ ബുദ്ധിമുട്ടുന്നതായി നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിന്റെ (ഐ സി ബി ) എക്സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഒബ്രിയന്‍ പറഞ്ഞു. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ അത്യാഹിത വിഭാഗത്തില്‍ സഹായം ആവശ്യപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.